കട്ടപ്പനയിലെ ഋത്വിക് റോഷന്റെ വിജയത്തിന് ശേഷം രണ്ടാം വരവും ഗംഭീരമാക്കി വിഷ്ണു ഉണ്ണികൃഷ്ണൻ. നാദിർഷ സംവിധാനം ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി നായകനായി എത്തിയ ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷൻ ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം ആയിരുന്നു. കൊച്ചു ചിത്രം ആയാണ് തീയറ്ററുകളിൽ എത്തിയത് എങ്കിലും വല്യ വിജയം തന്നെ ചിത്രം നേടിയിരുന്നു ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളും വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു. ചിത്രത്തിലൂടെ വിഷ്ണു ഉണ്ണികൃഷ്ണൻ ധർമജൻ കോമ്പിനേഷൻ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു. ഈ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചു എത്തിയ ചിത്രമാണ് വികടകുമാരൻ. കോമഡി ഫാമിലി ത്രില്ലർ ആയി എത്തിയ ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരേ സമയം നല്ലൊരു കോമഡി ചിത്രമായും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് നല്ലൊരു അനുഭവം നൽകുന്നതിലൂടെ പ്രേക്ഷക പ്രീതി നേടാൻ ആയിട്ടുണ്ട്. അഡ്വക്കേറ്റ് ആയ ബിനുവിന്റെ കഥയാണ് ചിത്രം പറയുന്നത്. നാട്ടിൽ നടക്കുന്ന ഒരു മരണവും അത് ബിനുവിനെ ബാധിക്കുന്നതുമാണ് ചിത്രം. ബിനു ആയി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ഗുമസ്തനായി എത്തിയ ധർമജനും വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രകടനത്തിന് കൂട്ടായി.
ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ എല്ലാം തന്നെ ഒന്ന് പോലും പാഴാകാതെ തീയറ്ററുകളിൽ പുഞ്ചിരി നിറയ്ക്കുന്നുണ്ട്. ഊഹവഴിയിലുള്ള കഥാപാത്ര സൃഷ്ടിയിൽ നിന്നും തിരക്കഥാകൃത്ത് മാറി നടന്നതും ബിനു എന്ന കഥാപാത്രത്തിന് ഉണർവായി. തമാശയ്ക്ക് വേണ്ടി മണ്ടനായി കാണിക്കാതെ ഉത്തരാവാദിത്വവും കഴിവും ഉള്ള വക്കീൽ ആയി തന്നെയാണ് കഥാപത്രത്തെ രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരേ സമയം സെന്റിമെൻസ് സീനുകളിലും കോമഡി രംഗങ്ങളിലും വിഷ്ണു ഉണ്ണികൃഷ്ണന് തിളങ്ങാന്‍ ആയിട്ടുണ്ട്. നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം സഹനടൻ ആയി എത്തിയ ശിക്കാരി ശംഭുവും മികച്ച വിജയം ആയിരുന്നു. ഈ വർഷം ഇറങ്ങിയതിൽ രണ്ടാം ചിത്രവും വിജയം ആക്കി തീർത്ത് മലയാള സിനിമയില്‍ തന്‍റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് അഭിമാനിക്കാം…