ഈസ്റ്റർ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം വികടകുമാരൻ ചിരിപ്പിച്ചു മുന്നേറുകയാണ്. വലിയ താരങ്ങളുടെ അകമ്പടിയൊന്നും ഇല്ലാതെ എത്തിയ ചിത്രം ചെറിയ കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്നതാണ് തീയറ്ററുകളിൽ കണ്ടത്. കോമഡിയും ത്രില്ലറും മികച്ച രീതിയിൽ സംയോജിപ്പിച്ച് ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ മികച്ച വിജയം നേടിക്കഴിഞ്ഞു. കൊച്ചു ചിത്രമായ വികടകുമാരൻ വിജയമായത്തിന്റെ ആഹ്ലാദത്തിലാണ് അണിയറപ്രവർത്തകരും. ചിത്രത്തിന്റെ വിജയഘോഷങ്ങൾ കൊച്ചിയിൽ വച്ചു മുൻപ് നടന്നിരുന്നു. റോമൻസ് എന്ന സൂപ്പർഹിറ്റ് ഹിറ്റ് ചിത്രത്തിന് ശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തിയ ചിത്രം, വിഷ്ണു ഉണ്ണികൃഷ്ണൻ – ധർമ്മജൻ കൂട്ടുകെട്ടിൽ പിറക്കുന്ന രണ്ടാമത് ചിത്രം. അങ്ങനെ എല്ലാം കൊണ്ടും വലിയ പ്രതീക്ഷ ഭാരമുള്ള ചിത്രമായിരുന്നു വികടകുമാരൻ. എങ്കിലും പ്രേക്ഷക പ്രീതിയിലും കളക്ഷണിലും ആ പ്രതീക്ഷ നിലനിർത്തുവാൻ ചിത്രത്തിന് ആയിട്ടുണ്ട്. ചിത്രം അതിന്റെ വിജയകരമായ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.
മാമലയൂർ എന്ന കൊച്ചു ഗ്രാമത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗ്രാമവും അവിടെയുള്ള കോടതിയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുറച്ചു സാദരണക്കാരും. ആദ്യ പകുതിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയെങ്കിൽ, രണ്ടാം പകുതിയിലേക്ക് നീങ്ങുമ്പോൾ ചിത്രം ത്രില്ലറായി മാറിയിട്ടുണ്ട്. മാമലയൂർ കോടതിയിൽ വക്കീലായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ എത്തുമ്പോൾ, ഗുമസ്തനായ മണി എന്ന കഥാപാത്രമായി ധർമ്മജനും ചിരിപ്പിക്കുന്നുണ്ട്. ബോബൻ സാമുവൽ സംവിധാനം ചെയ്ത അഞ്ചാമത് സിനിമ കൂടിയാണ് വികടകുമാരൻ. റോമൻസിന്റെ രചയിതാവ് വൈ. വി. രാജേഷാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാനസ രാധാകൃഷ്ണൻ, ബൈജു, റാഫി, നെൽസൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷും, ബിജോയ് ചന്ദ്രനും നിർമ്മിച്ച ചിത്രം വിഷു റിലീസുകൾക്ക് ഇടയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്.