കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട് പ്രേക്ഷകലക്ഷങ്ങളെ ആകർഷിച്ചു കൊണ്ട് മഹാവിജയമാണ് നേടുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം പ്രശസ്ത സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു. വളരെ കാലികപ്രസക്തിയുള്ള ചിത്രമാണിതെന്നും ഒരു സിനിമയിലൂടെ പുറത്ത് കൊണ്ട് വന്നിരിക്കുന്നത് ഏറെ നാളായി തങ്ങൾ പറയാനാഗ്രഹിച്ച കാര്യമാണെന്നും പ്രേക്ഷകർ പറയുന്നു. കൊഴുമ്മൽ രാജീവനെന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് കുഞ്ചാക്കോ ബോബൻ നടത്തിയതെന്നും, ഇതിലെ പ്രകടനത്തിന് അദ്ദേഹത്തിന് അവാർഡ് വരെ പ്രതീക്ഷിക്കാമെന്നും കുടുംബ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
കുഞ്ചാക്കോ ബോബനല്ലാതെ ഈ വേഷം മറ്റാർക്കും ചെയ്യാൻ സാധിക്കില്ല എന്നു ഫീൽ ചെയ്യുന്ന തരത്തിലാണ് അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗായത്രി ശങ്കർ, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, സിബി തോമസ്, പി പി കുഞ്ഞികൃഷ്ണൻ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും കയ്യടി നേടുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകേഷ് ഹരിദാസാണ്. ഡോൺ വിൻസെന്റ് സംഗീതമൊരുക്കിയ ഈ സിനിമ എഡിറ്റ് ചെയ്‌തത് മനോജ് കണ്ണോതാണ്. നേരത്തെ ഇതിലെ ദേവദൂതർ പാടി എന്ന റീമിക്‌സും അതിലെ കുഞ്ചാക്കോ ബോബന്റെ നൃത്തവും സൂപ്പർ ട്രെന്റിങ്ങായി മാറിയിരുന്നു.