ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻ കുഞ്ഞെന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. ഇതിന്റെ ട്രൈലെർ അത്ര വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും സംവിധാനം ചെയ്തത് നവാഗതനായ സജിമോനുമാണ്. ഇരുൾപൊട്ടലിൽ പെട്ട്, ഭൂമിക്കടിയിൽ മുപ്പതടി താഴ്ചയിൽ കുടുങ്ങി പോകുന്ന ഒരു ചെറുപ്പക്കാരന്റെ തിരിച്ചു വരവിന്റെ കഥയാണ് ഈ ചിത്രം പറയുന്നതെന്ന് സജിമോൻ പറയുന്നു. എന്നാൽ അത് മാത്രമല്ല ഈ ചിത്രത്തിന്റെ പ്രധാന കഥയെന്നും, ഇതിലെ കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിൽ പ്രകൃതി നടത്തുന്ന പല പല ഇടപെടലുകളിൽ ഒന്ന് മാത്രമാണ് അതെന്നും സജിമോൻ വെളിപ്പെടുത്തി. പല പല കാരണങ്ങൾ കൊണ്ട് ചിത്രം വൈകിയപ്പോഴും, ബഡ്ജറ്റ് കൂടിയപ്പോഴും നിർമ്മാതാവെന്ന നിലയിൽ ഫാസിൽ സർ നൽകിയ പിന്തുണയും വളരെ വലുതാണെന്ന് സജിമോൻ പറഞ്ഞു.
മഹേഷ് നാരായണൻ തന്നെയാണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചതും. അദ്ദേഹം ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. രചയിതാവായും ഛായാഗ്രാഹകനായും മഹേഷ് സർ കൂടെയുണ്ടായത് ചിത്രത്തിന്റെ മേക്കിങ് കുറച്ചു കൂടി എളുപ്പത്തിലാക്കിയെന്നും സംവിധായകൻ പറഞ്ഞു. എ ആർ റഹ്മാൻ സർ ചിത്രത്തിലേക്ക് വന്നത് ഈ ചിത്രം കണ്ടതിനു ശേഷമാണെന്നും, സിനിമ കണ്ട് ഇഷ്ടപെട്ട അദ്ദേഹം, താനിത് വരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണിത് എന്ന് പറഞ്ഞു കൊണ്ടാണ് മുപ്പതു വർഷത്തിന് ശേഷം മലയാളത്തിലേക്ക് മടങ്ങി വന്നതെന്നും സജിമോൻ പറയുന്നു. റഹ്മാൻ സാറിനോട് സംഗീതം ചെയ്യാമോ എന്ന് ചോദിച്ചത് ഫഹദ് ആയിരുന്നുവെന്നും സജിമോൻ വെളിപ്പെടുത്തി. കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെ മികവ് ചിത്രത്തിലുടനീളം കാണാൻ സാധിക്കുമെന്ന് സജിമോൻ പറയുമ്പോൾ, ഈ ചിത്രം ഒരു മികച്ച തീയേറ്റർ അനുഭവം തരുമെന്നാണ് ജ്യോതിഷ് ഉറപ്പു നൽകുന്നത്.