ബോക്‌സ് ഓഫീസ് കീഴടക്കാൻ നിരവധി മലയാളചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടി നായകനായെത്തുന്ന മാസ്റ്റർ പീസ്, വിനീത് ശ്രീനിവാസന്റെ ‘ആന അലറലോടലറൽ’, ടോവിനോയുടെ മായാനദി, പൃഥ്വിരാജ് നായകനായെത്തുന്ന വിമാനം, ജയസൂര്യയുടെ ആട് 2 എന്നിവയാണ് ക്രിസ്‌മസിന് എത്തുന്നത്.
എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഇത്തവണ ‘വേലൈക്കാരൻ’ എന്ന തമിഴ് ചിത്രവുമായാണ് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഫഹദിന്റെ മികച്ചപ്രകടനം കൊണ്ട് സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്റെ ആദ്യ തമിഴ് ചിത്രത്തിന് വേണ്ടി ഡബ് ചെയ്‌തിരിക്കുന്നതും ഫഹദ് തന്നെയാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.
ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തേക്കുറിച്ച് ശിവകാര്‍ത്തികേയന്‍ വാചാലനായിരുന്നു. മലയാളികൾക്ക് എന്നും അഭിമാനിക്കാനാകുന്ന തരത്തിൽ ഏത് ഹോളിവുഡ് നടനോടും കിടപിടിക്കാനാകുന്ന രീതിയിലാണ് ഫഹദിന്റെ അഭിനയമെന്ന് ശിവകാർത്തികേയൻ പറയുകയുണ്ടായി. ഷൂട്ടിംഗ് ഓരോ ദിവസം കഴിയും തോറും ഫഹദിനോടൊപ്പമുള്ള അഭിനയം താൻ ആസ്വദിക്കുകയായിരുന്നുവെന്നും ഫഹദിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തനിഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ.
അതേസമയം വേലൈക്കാരന് ശേഷം തമിഴിൽ സജീവസാന്നിധ്യമാകാനൊരുങ്ങുകയാണ് ഫഹദ് ഫാസിൽ. ത്യാഗരാജന്‍ കുമാരരാജയുടെ ‘സൂപ്പർ ഡീലക്‌സ്’ എന്ന ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളുടെ ഒരു സമാഹാരമാണ് ഈ ചിത്രം.