ഒരു വടക്കൻ വീരഗാഥയിലെ ചന്തുവോ അതോ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനോ; റീമേക്ക് ചെയ്യാൻ അവസരം കിട്ടിയാൽ ഏത് ചെയ്യുമെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസിൽ..!

Advertisement

മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും മികച്ച നടനായി അറിയപ്പെടുന്ന കലാകാരനാണ് ഫഹദ് ഫാസിൽ. ഒട്ടേറെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദ് ഫാസിലിനെ കുറിച്ചു പ്രേക്ഷകരും നിരൂപകരും പറയുന്നത്, മോഹൻലാലിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്വാഭാവിക നടൻ എന്നാണ്. എന്നാൽ ഫഹദ് ഫാസിൽ ഇതിന് മറുപടി പറയുന്നത്‌ മോഹൻലാലിന് മുൻപ്, ശേഷം എന്നു പറയാൻ ആരുമില്ല എന്നും അദ്ദേഹത്തെ പോലെ മറ്റാരുമില്ല എന്നുമാണ്. ഇപ്പോഴിതാ മഴവിൽ മനോരമ ചാനലിൽ നടത്തിയ ഒരു അഭിമുഖത്തിൽ ഒരു ആരാധകൻ ഫഹദിനോട് ചോദിക്കുന്നത് ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി അനശ്വരമാക്കിയ ചന്തു, തൂവാനത്തുമ്പികളിൽ മോഹൻലാൽ അനശ്വരമാക്കിയ ജയകൃഷ്ണൻ എന്നീ കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കിട്ടിയാൽ അതിൽ ഏത് തിരഞ്ഞെടുക്കും എന്നാണ്.

എന്നാൽ ഫഹദ് ഫാസിൽ ഒട്ടും അമാന്തിക്കാതെ പറയുന്നത് രണ്ടും താൻ ചെയ്യില്ല എന്നാണ്. രണ്ടു തരം അഭിനയ ശൈലിയുടെ അപാരമായ മികവിൽ നിൽക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് അവയെന്നും അത് രണ്ടും തനിക്ക് ചെയ്ത് ഫലിപ്പിക്കാൻ പറ്റില്ല എന്നും ഫഹദ് പറയുന്നു. എം ടി വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ക്ലാസ്സിക് ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. അതുപോലെ പി പദ്മരാജൻ രചിച്ചു സംവിധാനം ചെയ്ത മലയാള സിനിമയിലെ റൊമാന്റിക് ക്ലാസിക്ക് ആയാണ് തൂവാനത്തുമ്പികൾ അറിയപ്പെടുന്നത്. ഈ റീമേക് എന്ന പരിപാടിയോട് തന്നെ തനിക്ക് വ്യക്തിപരമായി ഒട്ടും താൽപ്പര്യമില്ലെന്നും ഫഹദ് തുറന്നു പറയുന്നു. എന്നാൽ സദയം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ടപ്പോൾ അതുപോലൊരു കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ട് എന്നു ഫഹദ് നേരത്തെ പറഞ്ഞിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close