ഏറെ പ്രത്യേകതകളുമായി ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ ‘വേലൈക്കാരന്‍’ തിയറ്ററുകളിലേക്ക്

Advertisement

ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം ‘തനി ഒരുവന്റെ’ വിജയത്തിന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേലൈക്കാരൻ’. ശിവകാര്‍ത്തികേയനാണ് നായകൻ. നയൻ‌താര ആദ്യമായി ശിവകാർത്തികേയന്റെ നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മികവുറ്റ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച മലയാളത്തിന്റെ സ്വന്തം താരമായ ഫഹദ് ഫാസിലിന്റെ തമിഴകത്തേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. വില്ലൻ വേഷത്തിലാണ് ഫഹദ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍രാജയുടെ കഴിഞ്ഞ ചിത്രമായ തനി ഒരുവനിലെ അരവിന്ദ് സാമിയുടെ വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ ഫഹദിന്റെ കഥാപാത്രത്തിനെക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.

Advertisement

സംവിധാനത്തില്‍ പുതു പരീക്ഷണങ്ങള്‍ നടത്തുന്ന വ്യക്തിയാണ് മോഹൻരാജയെന്ന് ഫഹദ് ഫാസിൽ വ്യക്തമാക്കിയിരുന്നു. ഒരു സീനിന്റെ മൂന്ന് തലങ്ങള്‍ ആലോചിക്കാന്‍ അദ്ദേഹം നമ്മളോട് ആവശ്യപ്പെടും. തുടര്‍ന്ന് ആ സീന്‍ എടുക്കുന്ന സമയത്ത് അതിനു പുതിയൊരു തലം കൂടി കണ്ടെത്തി അതിലൂടെ ആ സീന്‍ അവതരിപ്പിക്കും. ഒരോ സീനിലും പ്രേക്ഷകന് ഒരു ഇന്‍ഫോര്‍മേഷന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ രീതി മറ്റൊരാളിലും കണ്ടിട്ടില്ലെന്നും ഫഹദ് പറയുകയുണ്ടായി.

വീണ്ടും ശിവകാർത്തികേയന്റെ ചിത്രത്തിലെ ഗാനങ്ങൾക്ക് അനിരുദ്ധ് രവിചന്ദർ ഈണം നൽകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുൻപ് അഞ്ച് സിനിമകളില്‍ ഇരുവരും ഒന്നിച്ചിരുന്നു. അവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേലൈക്കാരനിലെ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി.

സമകാലീന പ്രശ്നങ്ങളെക്കുറിച്ചാണ്‌ ചിത്രം ചർച്ചചെയ്യുന്നത്. ജല്ലിക്കെട്ട് പ്രക്ഷോഭവും 2015 ലെ ചെന്നൈ പ്രളയവും ചിത്രത്തിന് പ്രചോദനമായതായി സംവിധായകന്‍ മുൻപ് വ്യക്തമാക്കിയിരുന്നു. ‘അറിവ് എന്ന കഥാപാത്രമായാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ എത്തുന്നത്. തന്റെ കരിയറിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നായിരുന്നു താരം അഭിപ്രായപ്പെട്ടത്. സ്‌നേഹ, പ്രകാശ് രാജ്, ആര്‍ജെ ബാലാജി, രോഹിണി എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 24 എഎംമ്മിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രത്തിന്റെ നിർമ്മാണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close