പ്രശസ്ത സംവിധായകൻ ഫാസിൽ ആണ് മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിലിന്റെ അച്ഛൻ. ഒരു സംവിധായകനായും നിർമ്മാതാവായും ഒട്ടേറെ ഗംഭീര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഫാസിൽ ആണ് മോഹൻലാൽ എന്ന മഹാ നടനേയും ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത്. ഫാസിലിന്റെ തന്നെ ചിത്രത്തിലൂടെ ആയിരുന്നു ഫഹദും അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ സംവിധാന രംഗത്ത് നിന്നു മാറി നിൽക്കുന്ന ഫാസിൽ അഭിനേതാവായി കൂടി തിളങ്ങുകയാണ്. മോഹൻലാൽ നായകനായി എത്തിയ പൃഥ്വിരാജ് ചിത്രം ലൂസിഫെറിൽ അഭിനയിച്ച ഫാസിൽ, ഇപ്പോൾ മോഹൻലാൽ-പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വാപ്പയുടെ അഭിനയത്തെ കുറിച്ചു ഫഹദ് മനസ്സു തുറക്കുകയാണ്.
ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഫഹദ് മനസ്സു തുറക്കുന്നത്. ദിലീഷ് പോത്തന്‍ വാപ്പയെ ഒരു സിനിമയിലേക്ക് നായകനായി വിളിച്ചിരുന്നതാണെന്നും വാപ്പ പിടികൊടുത്തില്ലെന്നും ഫഹദ് പറഞ്ഞു. പൃഥ്വിരാജ് ഒരു ദിവസം വിളിച്ച് വാപ്പ എവിടെയുണ്ടെന്ന് ചോദിച്ചു എന്നും വാപ്പ വീട്ടിലായിരിക്കുമെന്ന് താൻ പറഞ്ഞു എന്നും ഫഹദ് പറയുന്നു. താൻ വിചാരിച്ചത് രാജു ലൂസിഫര്‍ തുടങ്ങുന്നത് കൊണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ വിളിക്കാനാണെന്ന് ആണെന്നും എന്നാൽ പിന്നീടാണ് വാപ്പ കാര്യം പറഞ്ഞത് എന്നും ഫഹദ് പറഞ്ഞു. പൃഥ്വിരാജ് കൂടാതെ മോഹൻലാലും വിളിച്ചു എന്നും ഫാസിൽ പറഞ്ഞു എന്നും ഫഹദ് വെളിപ്പെടുത്തി. വാപ്പ സംവിധാനം ചെയ്ത സിനിമകളില്‍ അഭിനേതാകൾക്കു അഭിനയിച്ച് കാണിച്ചുകൊടുക്കുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട് എന്നും വിജയ് തന്നോട് ഒരിക്കൽ ഇത് പറഞ്ഞു എന്നും ഫഹദ് വിശദീകരിക്കുന്നു. ലൂസിഫെറിൽ വാപ്പ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്ത ദിവസം പൃഥ്വിരാജ് രാത്രി തന്നെ വിളിച്ച് പറഞ്ഞത് കേട്ട് താൻ സര്‍പ്രൈസ്ഡ് ആയി എന്നും വാപ്പ അഭിനയിച്ചത് കാണാന്‍ കൊതിയായി എന്നും ഫഹദ് പറയുന്നു. അതിനു ശേഷം എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ പൃഥ്വിരാജ് വിളിച്ച് ലൂസിഫറില്‍ വാപ്പ അഭിനയിച്ച രംഗങ്ങള്‍ തന്നെ കാണിച്ചിരുന്നു എന്നും ഫഹദ് വെളിപ്പെടുത്തി.