16 വർഷത്തിനു ശേഷം രൺജി പണിക്കർ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം 2025 മാർച്ചിൽ ആരംഭിക്കും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ആദ്യമായാണ് രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഫഹദ് ഫാസിലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ വർഷം ഓഗസ്റ്റ് മാസത്തിൽ ഈ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തുവരും എന്നാണ് സൂചന. രൺജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മമ്മൂട്ടി നായകനായെത്തിയ രൗദ്രം ആണ് രൺജി പണിക്കർ അവസാനമായി സംവിധാനം ചെയ്ത ചിത്രം. അതിനു മുൻപ് സുരേഷ് ഗോപി നായകനായ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഷാജി കൈലാസ്, ജോഷി എന്നിവർക്ക് വേണ്ടി ഒട്ടേറെ തീപ്പൊരി തിരക്കഥകൾ എഴുതിയിട്ടുള്ള രഞ്ജി പണിക്കർ ഇപ്പോൾ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ കൂടിയാണ്. ഇടുക്കിയുടെ പശ്ചാത്തലത്തിലാകും രഞ്ജി പണിക്കരുടെ ഫഹദ് ഫാസിൽ ചിത്രം ഒരുങ്ങുക എന്നും അതൊരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നും സൂചനയുണ്ട്.
അല്ലു അർജുൻ നായകനായ പുഷ്പ 2 ആണ് ഫഹദിന്റെ പുതിയ റിലീസ്. ഇത് കൂടാതെ മാരീസൻ എന്ന തമിഴ് ചിത്രവും, ഓടും കുതിര ചാടും കുതിര എന്ന മലയാള ചിത്രവും ഫഹദ് നായകനായി റിലീസ് കാത്തിരിക്കുന്നുണ്ട്.