മഹേഷ് നാരായണൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച പുതിയ ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ തന്നെ രചിച്ച ഈ ചിത്രം വർഷങ്ങൾക്കു മുൻപ് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബീമാ പള്ളി വെടിവെപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എടുത്ത ചിത്രമാണ്. അത്കൊണ്ട് തന്നെ ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം മികച്ച പ്രതികരണങ്ങൾക്കൊപ്പം തന്നെ ഒട്ടേറെ വിമർശനങ്ങളും നേരിട്ടു. ചരിത്രത്തെ വളച്ചൊടിച്ചു എന്നും രാഷ്ട്രീയപരമായ വെള്ള പൂശൽ നടത്തി എന്നൊക്കെ ഉള്ള ആരോപണങ്ങൾ ആണ് ഈ ചിത്രം നേരിട്ടത്. അതിനോടൊപ്പം തന്നെ പ്രേക്ഷകർ കണ്ടെത്തിയ ഒന്നാണ് 1987 ഇൽ കമൽ ഹാസനെ നായകനാക്കി മണി രത്‌നം ഒരുക്കിയ ക്ലാസിക് ചിത്രമായ നായകനുമായി മാലിക്കിന് ഉള്ള സാമ്യം. കമൽ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത ഇതിലെ കേന്ദ്ര കഥാപാത്രവുമായി മാലിക് എന്ന ചിത്രത്തിലെ ഫഹദ് അവതരിപ്പിച്ച സുലൈമാൻ എന്ന കഥാപാത്രത്തിന് ഉള്ള സാമ്യതകൾ സീനുകൾ എണ്ണി പറഞ്ഞു കൊണ്ട് പ്രേക്ഷകർ മുന്നോട്ടു വന്നിരുന്നു. അതിനെക്കുറിച്ച് ഫഹദ് ഫാസിലിനോട് തന്നെ ഒരു ഓൺലൈൻ അഭിമുഖത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയും ശ്രദ്ധേയമായിരുന്നു.
ആ സാമ്യതകൾ വരാൻ കാരണം, നായകൻ എന്ന സിനിമ ഒരു നടൻ എന്ന നിലയിൽ തന്നിലും സംവിധായകൻ/ രചയിതാവ് എന്ന നിലയിൽ മഹേഷ് നാരായണിലും ഉണ്ടാക്കിയ സ്വാധീനം അത്ര വലുതായതു കൊണ്ടാണെന്നു ഫഹദ് പറയുന്നു. നായകൻ എന്ന ചിത്രം ഒരുക്കിയ അതേ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് മാലിക്കും. അത്കൊണ്ട് തന്നെ ആ വിഭാഗത്തിലെ ക്ലാസിക് ആയി മാറിയ നായകനുമായി സാമ്യത ഉള്ള ഒരുപാട് സീനുകൾ മാലിക്കിൽ വരുന്നത് സ്വാഭാവികമാണ് എന്നും അതൊളിച്ചു വെക്കാനാവില്ല എന്നും ഫഹദ് ഫാസിൽ പറഞ്ഞു. ഒരു നടനെന്ന നിലയിൽ കമൽ ഹാസന്റെ നായകനിലെ പ്രകടനത്തിന്റെ സ്വാധീനം സുലൈമാൻ മാലിക് എന്ന കഥാപാത്രമായി അഭിനയിച്ച തന്റെ പ്രകടനത്തിലും വന്നിട്ടുണ്ടാകാം എന്നും ഫഹദ് വ്യക്തമാക്കി. മാലിക് എന്ന ചിത്രമൊരുക്കാനുള്ള തന്റെ ഏറ്റവും വലിയ പ്രചോദനങ്ങളിൽ ഒന്ന് നായകൻ എന്ന ചിത്രമായിരുന്നു എന്ന് സംവിധായകൻ മഹേഷ് നാരായണനും വ്യക്തമാക്കിയിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: AJ Joji