എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഫഹദ് ഫാസിൽ നായകനാവുന്നു

Advertisement

മലയാളത്തിന്റെ ഇതിഹാസ രചയിതാവ് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആദ്യമായി നായകനായിരിക്കുകയാണ് യുവ താരം ഫഹദ് ഫാസിൽ. എം ടി രചിച്ചു മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ഷെർലക് എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ നായക വേഷം ചെയ്തത്. പൂർണ്ണമായും കാനഡയിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതെന്നും, തനിക്കൊപ്പം രണ്ടു പൂച്ചകളാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തതെന്നും ഫഹദ് ഫാസിൽ പറയുന്നു. ദി ക്യൂ ചാനലിന് വേണ്ടി മഹേഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ഫഹദ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് വലിയൊരു അനുഭവമായിരുന്നുവെന്നും ഫഹദ് പറഞ്ഞു. ഇതിന്റെ ഷൂട്ടിന് മുൻപ് എം ടി സാറിനെ നേരിട്ട് പോയി കണ്ടിരുന്നുവെന്നും, അദ്ദേഹത്തിൽ നിന്ന് നേരിട്ട് തന്നെ ഈ കഥ മുഴുവൻ കേൾക്കാൻ സാധിച്ചത് വലിയ ഒരനുഗ്രഹമായിരുന്നുവെന്നും ഫഹദ് ഫാസിൽ ഓർത്തെടുക്കുന്നു. ചിത്രത്തിന്റെ തിരക്കഥയിൽ താൻ പറഞ്ഞ ഒരു നിർദേശം എം ടി സാർ അംഗീകരിച്ചതും വലിയ ഭാഗ്യമായെന്നും ഫഹദ് ഫാസിൽ പറയുന്നു.

ടേക്ക് ഓഫ്, മാലിക്, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമാണ് ഷെർലക്. ഇത് കൂടാതെ നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻ കുഞ്ഞ് എന്ന ഫഹദ് ഫാസിൽ ചിത്രം രചിച്ചതും മഹേഷ് നാരായണൻ ആണ്. ഫഹദിന്റെ സഹോദരിയായി നാദിയാ മൊയ്തു ആണ് ഷെർലക് എന്ന ചിത്രത്തിൽ വേഷമിട്ടിരിക്കുന്നതെന്നാണ് സൂചന. അമേരിക്കയിലുള്ള ചേച്ചിയുടെ വീട്ടിലെത്തുന്ന ബാലു എന്ന കഥാപാത്രമായാണ് ഫഹദ് ഇതിൽ വേഷമിട്ടത്. എം.ടിയുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമാണ് ഈ ചിത്രം. ഇത് കൂടാതെ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ, സിദ്ദിഖ്, നെടുമുടി വേണു, പാർവതി, ആസിഫ് അലി, ഇന്ദ്രജിത് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ, പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ്, ശ്യാമ പ്രസാദ്, അശ്വതി നായർ എന്നിവരും ഈ ആന്തോളജിക്ക്‌ വേണ്ടി ഒരുക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close