ഫഹദ് ഫാസിലിന്റെ നായികയായി കല്യാണി പ്രിയദർശൻ; ഓടും കുതിര ചാടും കുതിര ഒരുങ്ങുന്നു.

Advertisement

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന മലയാള താരങ്ങളാണ് ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും. ഇപ്പോഴിതാ, ഒരു മലയാള ചിത്രത്തിനായി ആദ്യമായി ഇരുവരും ഒന്നിക്കുകയാണ്. നിവിൻ പോളിയെ നായകനാക്കി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത അൽത്താഫ് സലിം ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇവർ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഓടും കുതിര ചാടും കുതിര എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഏറെ രസകരമായ ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷം ജൂലൈ മാസത്തിൽ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ.

ആനന്ദ് സി ചന്ദ്രൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസും, ഇതിന്റെ എഡിറ്റിംഗ് നിർവഹിക്കുക അഭിനവ് സുന്ദർ നായകുമാണ്. ഇപ്പോൾ ചില വമ്പൻ ചിത്രങ്ങളുമായി തിരക്കിലായ ഫഹദ് ഫാസിൽ, അതിനു ശേഷം ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കുമെന്നാണ് സൂചന. അല്ലു അർജുൻ നായകനാവുന്ന പുഷ്പ 2 , രജനികാന്ത് നായകനായ പുതിയ ചിത്രം തലൈവർ 170 എന്നിവയാണ് അന്യ ഭാഷയിൽ ഫഹദ് അഭിനയിക്കുന്ന വമ്പൻ ചിത്രങ്ങൾ. രോമാഞ്ചം ഒരുക്കിയ ജിത്തു മാധവന്റെ ആവേശം, എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം എന്നിവയാണ് ഫഹദിന്റേതായി ഇനി വരുന്ന മലയാള ചിത്രങ്ങൾ. വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വർഷങ്ങൾക്ക് ശേഷം, മനു സി കുമാർ ഒരുക്കിയ ശേഷം മൈക്കിൽ ഫാത്തിമ, ജോഷി- ജോജു ജോർജ് ചിത്രമായ ആന്റണി, തമിഴ് ചിത്രം ജീനി എന്നിവയാണ് ഇനി കല്യാണിയുടേതായി വരാനുള്ള ചിത്രങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close