മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മധുര രാജ. മമ്മൂട്ടിയുടെ ആദ്യ അൻപതു കോടി ഗ്രോസ് നേടുന്ന ചിത്രമാവും എന്നു ആരാധകർ പ്രതീക്ഷിക്കുന്ന ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. ആദ്യ നാലു ദിവസവും ഒരുപാട് എക്സ്ട്രാ ഷോകളും മധുര രാജ കേരളത്തിൽ കളിച്ചു. ആദ്യ ദിനം നൂറിന് അടുത്ത് എക്സ്ട്രാ ഷോകൾ കളിച്ച ഈ ചിത്രം, രണ്ടും, മൂന്നും, നാലും ദിവസങ്ങളിൽ എഴുപതോളം എക്സ്ട്രാ ഷോകൾ കളിച്ചു എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. ഏതായാലും മികച്ച കളക്ഷൻ നേടുന്ന ഈ ചിത്രം മികച്ച വിജയത്തിൽ ചെന്നെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. നെൽസൻ ഐപ്പ് നിർമ്മിച്ച മധുര രാജ ഒരു മാസ്സ് മസാല ചിത്രമായി ആണ് ഒരുക്കിയിരിക്കുന്നത്. ഉദയ കൃഷ്ണയുടെ ഉടമസ്‌ഥതയിലുള്ള യു കെ സ്റ്റുഡിയോസ് ആണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. തമിഴ് യുവ താരം ജയ് നിർണ്ണായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാർ, നെടുമുടി വേണു, വിജയരാഘവൻ, സണ്ണി ലിയോണി, പ്രശാന്ത് അലക്സാണ്ടർ, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, നരേൻ, അന്ന രാജൻ, ഷംന കാസിം, വിനയ പ്രസാദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗോപി സുന്ദർ സംഗീതം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഷാജി കുമാർ ആണ്. മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവരാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.