സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ ആമിർ പള്ളിക്കൽ ഓൺലുക്കേഴ്സ് മീഡിയയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രം പറയുന്നത് ഏതെങ്കിലും ഒരാളുടെ ജീവിത കഥ അല്ലെന്നും നമ്മുക്ക് ചുറ്റുമുള്ള ഒരുപാട് പേരുടെ ജീവിതകഥയാണെന്നും അദ്ദേഹം പറയുന്നു.
ആ അർത്ഥത്തിൽ ഇതിനെ ബയോപിക് ഓഫ് ബില്യൺസ് എന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. അത്രക്കും നമ്മുക്ക് ഓരോരുത്തർക്കും സുപരിചിതരായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലും ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഷിഫ് കക്കോടി രചിച്ച ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ, വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരും വേഷമിട്ട ചിത്രം ഡ്രം ഹ്യൂമർ ഉപയോഗിച്ച് കഥ പറയുന്ന ഒരു ഫാമിലി ഡ്രാമയാണ്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോനാണ്. ശ്രീജിത്ത് സാരംഗാണ് ചിത്രത്തിന്റെ എഡിറ്റർ.
എക്സ്ട്രാ ഡീസെന്റിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത്കൊണ്ട് തന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിക്കാനും ചിത്രത്തിന് സാധിച്ചു. സുരാജ് വെഞ്ഞാറമ്മൂടിന്റെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.