മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായ നീരാളി എന്ന ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കിയ ഒരു സർവൈവൽ ത്രില്ലർ ചിത്രമായ നീരാളി ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ കേരളമെങ്ങും ചിത്രത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ മികച്ച പ്രതികരണമാണ് പുറത്തു വരുന്നത്. പ്രേക്ഷകരിൽ ആവേശവും അതോടൊപ്പം ആകാംഷയും നിറക്കുന്ന ആദ്യ പകുതിയാണ് നീരാളിയുടേത് എന്നാണ് ഫസ്റ്റ് ഹാഫ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ ഈ വർഷത്തെ മലയാളത്തിലെ മറ്റൊരു വലിയ വിജയം ആയിരിക്കും നീരാളി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു യാത്രയും അതിനെ തുടർന്നുണ്ടാകുന്ന ഒരു അപകടത്തിലൂടെയുമാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ഫ്ലാഷ് ബാകുകളിലൂടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.
മോഹൻലാൽ, നദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ , പാർവതി നായർ, നാസ്സർ എന്നിവർ അഭിനയിച്ച ഈ ചിത്രം ഏറിയ പങ്കും ഷൂട്ട് ചെയ്തത് മുംബൈയിൽ ആണ്. സാജു തോമസ് രചന നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് സ്റ്റീഫൻ ദേവസ്സിയും കാമറ ചലിപ്പിച്ചത് സന്തോഷ് തുണ്ടിയിലും ആണ്. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം ഇന്ത്യ ഒട്ടാകെ മുന്നൂറോളം സ്‌ക്രീനുകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ബോളിവുഡ് സംഘട്ടന സംവിധായകൻ സുനിൽ റോഡ്രിഗ്രസ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു പരീക്ഷണ സ്വഭാവത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിനു വേണ്ടി നടത്തിയ മേക് ഓവേറിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് നീരാളി.