പ്രിയദർശൻ ഒപ്പത്തിന് വാങ്ങിയ പ്രതിഫലമാണ് ആ പുതിയ സംവിധായകരും ചോദിക്കുന്നത്; വെളിപ്പെടുത്തി നിർമ്മാതാവ്..!

Advertisement

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സീനിയറായ സംവിധായകരിലൊരാളാണ് പ്രിയദർശൻ. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളൊരുക്കിയ സംവിധായകരുടെ പട്ടികയിലുള്ള പ്രിയദർശൻ ഇതുവരെയൊരുക്കിയത് ഏകദേശം 94 ഓളം ചിത്രങ്ങളാണ്. അവയിൽ ഭൂരിഭാഗവും സൂപ്പർ വിജയങ്ങളുമാണ്. എന്നാൽ അദ്ദേഹം ഒപ്പം എന്ന തന്റെ ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ചെയ്തപ്പോൾ മലയാളത്തിൽ നിന്ന് വാങ്ങിയ പ്രതിഫലം അറുപതു ലക്ഷം രൂപയായിരുന്നു എന്നും അതേ പ്രതിഫലം തന്നെയാണ് വെറും ഒരു സിനിമ സംവിധാനം ചെയ്തു പരിചയമുള്ള ചില പുതിയ സംവിധായകരും ചോദിക്കുന്നതെന്ന വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത നിർമ്മാതാവും നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹിയുമായ ജി സുരേഷ് കുമാർ. സിനിമയുടെ നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനെപ്പറ്റി തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഇനി മുന്നോട്ട് പോകുവാൻ വലിയ ബുദ്ധിമുട്ടാണെന്ന് വിശദമാക്കുന്നതിനിടെയാണ് അദ്ദേഹം ഈ കാര്യം മാതൃഭൂമിയോട് വെളിപ്പെടുത്തിയത്.

താരങ്ങൾ മാത്രമല്ല, വമ്പൻ പ്രതിഫലം വാങ്ങുന്ന സാങ്കേതിക പ്രവർത്തകരും അത് കുറക്കാൻ തയ്യാറാവണമെന്നാണ് ജി സുരേഷ് കുമാർ പറയുന്നത്. ഇവിടെ കാശ് മുടക്കുന്നവന് യാതൊരു വിലയുമില്ല എന്നും പലപ്പോഴും അഭിനയിക്കാൻ വരുന്ന പലർക്കും ചിത്രത്തിന്റെ നിർമ്മാതാവ് ആരെന്നു പോലും അറിയാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം പറയുന്നു. താരങ്ങളും സാങ്കേതിക പ്രവർത്തകരും ചേർന്ന് സിനിമയുടെ ഷെയർ, ഓവർസീസ് റൈറ്റ്സ് എന്നിവ കൂടി പ്രതിഫലമായി എഴുതി വാങ്ങുന്ന പതിവ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. വെറും ഒരു പടം മാത്രം നന്നായി ഓടി എന്ന ഒറ്റ കാരണം കൊണ്ട്, ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ചു വർഷങ്ങളായി നിലനിൽക്കുന്ന സീനിയർ സംവിധായകരുടെ അതേ പ്രതിഫലം തന്നെ ചോദിക്കുന്ന, പുതു സംവിധായകർ വരെയുണ്ട് ഇവിടെ എന്നതാണ് പ്രശ്നമെന്നും അദ്ദേഹം വിശദീകരിക്കുന്നു. കോവിഡ് കാലത്തിനു ശേഷം വലിയ പ്രതിസന്ധിയേയാണ് മലയാള സിനിമ നേരിടാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close