മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ ചിത്രമായ ലുസിഫെർ. പൃഥ്വിരാജ് സുകുമാരൻ സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപിയും ഇത് നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് മോഹൻലാൽ തന്നെ നായകനായ എമ്പുരാൻ ആണ്. ലുസിഫെറിന് ഒരു രണ്ടാം ഭാഗം ആയാണ് എമ്പുരാൻ ഒരുക്കുന്നത്. ഈ ചിത്രത്തിന് ഒരു മൂന്നാം ഭാഗവും ഉണ്ടാകും എന്നും പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ ചേർന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം കഴിഞ്ഞ ദിവസം മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ;അറബിക്കടലിന്റെ സിംഹം, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്നിവയുടെ വിവരങ്ങളും പുറത്തു വന്നിരുന്നു.
അതിനോട് ചേർത്ത് പൃഥ്വിരാജ് എമ്പുരാൻ എന്ന തന്റെ ചിത്രത്തെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. മരക്കാറിന്റെയോ ബറോസിന്റെയോ അത്രെയും അസാധാരണമായൊരു സിനിമ ആയിരിക്കില്ല എമ്പുരാൻ എന്നും അത് താൻ ചെയ്യുന്ന ഒരു സാധാരണ പടമാണ് എന്നുമാണ് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്. ആദ്യ ചിത്രമായ ലുസിഫെറിന്റെ രണ്ട് ഇരട്ടി ബഡ്ജറ്റിൽ ആണ് എമ്പുരാൻ ഒരുക്കുന്നത് എന്നാണ് സൂചന. അതുകൊണ്ട് തന്നെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളെ ചിരിയോടെ ആണ് പ്രേക്ഷകർ എതിരേൽക്കുന്നത്. ലുസിഫെർ റിലീസിന് മുൻപും അതൊരു ചെറിയ പടം ആണെന്ന് പൃഥ്വിരാജ് പറയുകയും റിലീസിന് ശേഷം അതൊരു വമ്പൻ സിനിമ ആയിരുന്നു എന്ന് പ്രേക്ഷകർക്ക് മനസ്സിലാവുകയും ചെയ്ത സാഹചര്യത്തിൽ ആണ് പൃഥ്വിരാജ് ഇപ്പോൾ പറഞ്ഞ വാക്കുകളെയും പ്രേക്ഷകർ തമാശ പോലെ എടുക്കുന്നത്.