ഇന്നലെ കേരളക്കരയിൽ റിലീസ് ചെയ്ത വികൃതി എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപകരുടെ പ്രശംസയും നേടി മുന്നേറുകയാണ്. നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. സുരാജ് വെഞ്ഞാറമ്മൂട് ഇതിൽ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു യഥാർത്ഥ കഥാപാത്രത്തെ അടിസ്ഥാനമാക്കി രചയിതാവ് അജീഷ് പി തോമസ് രൂപപ്പെടുത്തി എടുത്തതാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി മെട്രോയില്‍ കുടിച്ച് മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കപ്പെടുകയും അങ്ങനെ വൈറൽ ആയി മാറിയ ആ ചിത്രം ആ വ്യക്തിയുടെ ജീവിതമാകെ തകർത്തു കളയുകയും ചെയ്തിരുന്നു.
അങ്കമാലി സ്വദേശി ആയ എല്‍ദോ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അനുജനെ കണ്ടതിന് ശേഷം തിരിച്ചു പോകുന്ന വഴി അവശത കൊണ്ട് കിടന്നു പോയപ്പോൾ ആരോ പകർത്തിയ ചിത്രമാണ് തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതു. സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്ത എൽദോക്ക് തന്റെ നിസ്സഹായാവസ്ഥയും സത്യാവസ്ഥയും അന്ന് ആരെയും പറഞ്ഞു മനസ്സിലാക്കാനും കഴിഞ്ഞില്ല. സത്യം തിരിച്ചറിഞ്ഞതോടെ സോഷ്യല്‍ മീഡിയ പിന്നീട് മാപ്പു പറഞ്ഞെങ്കിലും എൽദോക്ക് ഏറെ നഷ്ടങ്ങൾ അതിനോടകം ജീവിതത്തിൽ സംഭവിച്ചിരുന്നു. ആ കഥയാണ് വികൃതി നമ്മോടു പറയുന്നത്. കഴിഞ്ഞ ദിവസം തന്റെ കഥ വെള്ളിത്തിരയിൽ പ്രേക്ഷകരോടൊപ്പം കണ്ടപ്പോൾ സന്തോഷം കൊണ്ടും താൻ അന്ന് കടന്നു പോയ നിമിഷങ്ങൾ ഓർത്തും എൽദോയുടെ കണ്ണുകൾ നിറഞ്ഞു. താനായി പകർന്നാടിയ സുരാജ് വെഞ്ഞാറമൂടിന് പ്രകടനവും എൽദോക്ക് മനസ്സ് നിറക്കുന്ന സന്തോഷമാണ് നൽകിയത്. സംസാരശേഷിയില്ലാത്ത എൽദോ ആയി സുരാജ് വെഞ്ഞാറമ്മൂടും ആ കഥാപാത്രത്തിന്റെ സംസാര ശേഷി ഇല്ലാത്ത ഭാര്യ ആയി സുരഭി ലക്ഷ്മിയും അഭിനയിച്ചിരിക്കുന്നു. ഫോട്ടോ എടുത്തു പ്രചരിപ്പിച്ച ആളുടെ വേഷത്തിൽ എത്തിയത് സൗബിൻ ഷാഹിർ ആണ്. ഏതായാലും ഇവരുടെ ഗംഭീര പ്രകടനവും മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളും കൊണ്ട് വികൃതി മലയാളക്കര കീഴടക്കി കഴിഞ്ഞു എന്ന് തന്നെ പറയാം.