യുവ താരം ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. പ്രശസ്ത നടനും സംവിധായകനും രചയിതാവും ആയ പി ബാലചന്ദ്രൻ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. പവിത്രം, ഉള്ളടക്കം, അഗ്നിദേവൻ എന്നിങ്ങനെയുള്ള ക്ലാസിക് മലയാളം ചിത്രങ്ങൾ രചിച്ചിട്ടുള്ള ആളാണ് പി ബാലചന്ദ്രൻ. രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടം എന്ന ചിത്രം രചിച്ചതും അദ്ദേഹമാണ്. തന്റെ പുതിയ ചിത്രമായ എടക്കാട് ബറ്റാലിയൻ 06 എങ്ങനെയുള്ള ചിത്രമാണ് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ പി ബാലചന്ദ്രൻ. ഓൺലൂകേർസ് മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആണ് പി ബാലചന്ദ്രൻ എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തെ കുറിച്ച് വാചാലനായത്.
പ്രേക്ഷകരെ രസിപ്പിക്കുന്നതിനു ഒപ്പം തന്നെ ആഴമുള്ള ഒരു കഥയും കൂടി പറയുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06 എന്നാണ് അദ്ദേഹം പറയുന്നത്. മിലിറ്ററി പശ്ചാത്തലത്തിൽ ഉള്ള ഒരു സിനിമ എന്ന് പറയുമ്പോൾ ആ വിഭാഗത്തിൽ പെടുത്താം എങ്കിലും മിലിട്ടറിയുടെ ആദ്യമധ്യാന്തം അന്തരീക്ഷം ഇല്ലാതെ വേറെ ഒരു തലത്തിൽ നിന്നാണ് ഈ ചിത്രം കഥ പറയുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആഴമുള്ള ബന്ധങ്ങളും നാടിനോട് ആഴമുള്ള പ്രതിബദ്ധതയും പുലർത്തുന്ന സാമൂഹിക പ്രസക്തിയുള്ള കഥ പറയുന്ന ചിത്രമായിരിയ്ക്കും ഇതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു നാടിന്റെ ഗതിയിൽ പൗരന്മാർക്കുള്ള പങ്കിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ കഥാപാത്രങ്ങൾക്കെല്ലാം ഒരു ത്രിമാന സ്വഭാവം നല്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും നടീനടമാരെ പ്രചോദിപ്പിക്കുന്ന രീതിയിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ആണ് എന്നും ശ്രമിച്ചിട്ടുള്ളത് അതാണ് ഒരു രചയിതാവ് എന്ന നിലയിലുലുള്ള തന്റെ ദൗത്യം എന്നും പി ബാലചന്ദ്രൻ പറയുന്നു. ഏതായാലും സ്റ്റീരിയോടൈപ്പ് ആയ കഥാഖ്യാന രീതിയെ പിന്തുടരാതെ രചിച്ച ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06 എന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ടോവിനോ തോമസ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ അച്ഛൻ ആയി പി ബാലചന്ദ്രൻ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടും ഉണ്ട്.