
ഇതിനോടകം മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ബാനറാണ് യുവ താരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്. ഇപ്പോഴിതാ കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് എന്ന ഒരു പുതിയ സംരംഭം കൂടി ആരംഭിച്ചിരിക്കുകയാണ് വേഫെറർ ഫിലിംസ്. ദുൽഖർ സൽമാൻ ഫാമിലി അഥവാ DQF എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് അവർ നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി ഈ കമ്മ്യൂണിറ്റി രൂപം കൊണ്ടത്. പ്രശസ്ത സിനിമാ താരങ്ങളായ സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, ഹാരിസ് ദേശം, ഹൈദരാലി, കൈലാസ് മേനോൻ, നിനിഷ്, സുലൈമാൻ കക്കാടൻ, നിവി, ലിയോ, ബംഗ്ലാൻ, റോണി, അനൂപ്, ആർ കെ രാഗേഷ്, ദേവിക, എ എം സിദ്ധിഖ്, ബോബി, വിനി, കിച്ചി ടെല്ലസ്, ജോമോൻ, അജിത്, സുനീഷ് തുടങ്ങിയ ഇരുപത്തഞ്ച് പേർക്കാണ് കമ്മ്യൂണിറ്റിയിൽ ആദ്യമായി അംഗത്വം നൽകിയത്.


പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നതെന്നും അവർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ കഴിവ് പുറത്തു കാണിക്കാനുള്ള ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക്, അത്തരമൊരു വേദിയൊരുക്കി നല്കുകയെന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യമെന്നും, ഇതിന്റെ ഭാഗമായി കേരളത്തിലുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ്, കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകരെ പരിശീലിപ്പിക്കുന്ന പദ്ധതി കൂടി ആരംഭിച്ചു കഴിഞ്ഞെന്നും അവർ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലുടനീളം ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനിച്ചു. ഒട്ടേറെ തിരക്കുകളാൽ ഓടി നടക്കുന്നവർക്ക്, വല്ലപ്പോഴുമെങ്കിലും അതിൽ നിന്നൊക്കെ മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയൊരുക്കലാണ് ഇതിന്റെ ലക്ഷ്യം. ഇതിനൊപ്പം തന്നെ മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം നൽകും. കലാപ്രകടനങ്ങൾ കാഴ്ച വെക്കുക, ചിരിപ്പിക്കുക എന്നിവക്ക് കഴിയുന്ന കലാകാരന്മാർക്ക് മാത്രമാണ് ഈ കമ്മ്യൂണിറ്റിയിൽ അംഗത്വം നൽകുന്നത്.

