നഞ്ചിയമ്മ തീർച്ചയായും അവാർഡ് അർഹിക്കുന്നുണ്ട്; പിന്തുണയുമായി ദുൽഖർ സൽമാനും

Advertisement

ആദിവാസി ഗായികയായ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ. തന്റെ പുതിയ തെലുങ്ക് ചിത്രമായ സീതാ രാമന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ പ്രസ് മീറ്റിലാണ് ഈ വിഷയത്തിൽ ദുൽഖർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചപ്പോൾ മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് ലഭിച്ചത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധ നേടിയ ആദിവാസി ഗായികയായ നഞ്ചിയമ്മക്കാണ്. എന്നാൽ സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്ന വിവാദ പരാമർശവുമായി സംഗീതജ്ഞനായ ലിനു ലാൽ രംഗത്ത് വന്നത് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.

ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ ദുൽഖർ സൽമാൻ പറയുന്നത്, വിവാദത്തെ കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നും, തന്റെ മനസില്‍ നഞ്ചിയമ്മയ്ക്കാണ് അവാര്‍ഡെന്നുമാണ്. നഞ്ചിയമ്മ ആ ഗാനം പാടിയ രീതിയും ആ പാട്ടും തനിക്കു ഒരുപാട് ഇഷ്ട്ടപെട്ടെന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു. എല്ലാത്തിന്റെയും ശാസ്ത്രം നോക്കാന്‍ തനിക്കറിയില്ലെന്നും താൻ തന്നെ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് പാടുന്നതെന്നും ദുൽഖർ സൽമാൻ പറയുന്നു. താൻ ആലപിച്ച ചുന്ദരി പെണ്ണേ എന്ന ഗാനം ലൈവായി പാടാൻ പറഞ്ഞാൽ തന്നെ പെട്ട് പോകുമെന്നും ദുൽഖർ സൽമാൻ വിശദീകരിക്കുന്നു. വളരെ ചെറിയ വയസ് മുതല്‍ സംഗീതം അഭ്യസിച്ച്, ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഗായകരുണ്ടെന്നും, പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിച്ചു ജീവിക്കുന്ന അത്തരം ആളുകൾ ഉള്ളപ്പോൾ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുത്ത് ഒട്ടും ശരിയായില്ല എന്നുമാണ് ലിനു ലാൽ ഫേസ്ബുക് ലൈവിൽ വന്നു പറഞ്ഞത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close