മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ മറ്റു ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും ദുൽഖർ അഭിനയിക്കുകയും അവിടെയുള്ള പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ദുൽഖറിനെ പിന്തുടരുന്നവരും ഒരുപാടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ദുൽകർ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ട്വിറ്റെർ വഴി എത്തുകയും, അതിനെതിരെ മുംബൈ പോലീസ് മുന്നോട്ടു വരികയും ചെയ്തിരുന്നു. സോനം കപൂർ പുറത്തു വിട്ട ആ വീഡിയോ ക്ലിപ്പിനെതിരെ മുംബൈ പോലീസ് രംഗത്ത് വന്നത് ദുൽഖർ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു എന്ന് പറഞ്ഞാണ്.
എന്നാൽ അതിനെതിരെ തിരിച്ചടിച്ചു ദുൽഖർ സൽമാനും രംഗത്ത് വന്നു കഴിഞ്ഞു. സോനം കപൂർ പ്രധാന വേഷത്തിൽ എത്തുന്ന സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രത്തിൽ ദുൽഖറും അഭിനയിക്കുന്നുണ്ട്. ആ ചിത്രത്തിന്റെ ഒരു റോഡ് രംഗം ചിത്രീകരിക്കുമ്പോൾ ഉള്ള വീഡിയോ ആണ് സോനം പുറത്തു വിട്ടത്. ആ രംഗം ചിത്രീകരിച്ചത് തന്നെ ട്രാഫിക് പോലീസിന്റെ അനുമതി തേടി, ആ റോഡ് ബ്ലോക്ക് ചെയ്തിട്ടാണ്. ആ രംഗം ചിത്രീകരിക്കുന്ന വീഡിയോ കൂടി ദുൽഖർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ദുൽഖറിന്റെ കാർ ഒരു ട്രക്ക് പ്ലാറ്റഫോമിൽ കയറ്റി വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ ദുൽകർ കാർ ഡ്രൈവ് ചെയ്യുന്നതേ ഇല്ല. അതുകൊണ്ടു തന്നെ വസ്തുതകൾ കൃത്യമായി അന്വേഷിക്കാതെ ദുൽഖറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ഇട്ട മുംബൈ പോലീസിന് എതിരെ കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്.