
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. കഴിഞ്ഞ വർഷം ഓണത്തിന് ആർഡിഎക്സ് എന്ന മാസ്സ് ചിത്രവുമായെത്തി ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കികൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രമാണ് ദുൽഖർ ഇനി മലയാളത്തിൽ ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹം തന്നെ പുറത്ത് പറഞ്ഞിരുന്നു.
ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം മലയാളത്തിനൊപ്പം ഈ ചിത്രം തെലുങ്കിലും ഒരുക്കുമെന്നാണ് സൂചന. ലക്കി ഭാസ്കറിലൂടെ തെലുങ്കിൽ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്റർ സ്വന്തമാക്കിയ ദുൽഖറിന് തെലുങ്കിലും ഇപ്പോൾ വലിയ മാർക്കറ്റാണുള്ളത്. അടുത്ത വർഷം ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ചിത്രത്തിന്റെ ലൊക്കേഷൻ ഹൈദരാബാദ് ആണെന്നും വാർത്തകൾ പറയുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും വൈജയന്തി മൂവീസും സ്വപ്ന സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുകയെന്നും വാർത്തകൾ വരുന്നുണ്ട്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും ലൊക്കേഷൻ കണ്ടെത്തൽ നടക്കുകയാണെന്നുമാണ് സൂചന. ദുൽഖർ സൽമാനൊപ്പം മലയാളത്തിന്റെ യുവ ആക്ഷൻ ഹീറോ ആന്റണി വർഗീസും തമിഴ് സൂപ്പർ താരം എസ് ജെ സൂര്യയും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകുമെന്ന വാർത്തകളും മുൻപ് പ്രചരിച്ചിരുന്നു.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുൽഖർ കരിയറിലെ ആദ്യ നൂറു കോടി ക്ലബ് ചിത്രം സ്വന്തമാക്കിയിരുന്നു. മഹാനടി, സീതാരാമം എന്നിവയാണ് ദുൽഖർ സൽമാന്റെ തെലുങ്കിലെ മുൻ ഹിറ്റുകൾ. തമിഴ് ചിത്രമായ കാന്ത, തെലുങ്ക് ചിത്രമായ ആകാശം ലോ ഓക താര എന്നിവയാണ് ഇനിവരാനുള്ള ദുൽഖറിന്റെ അന്യ ഭാഷാ ചിത്രങ്ങൾ.