
മലയാളിയുടെ ഓർമകളിൽ അന്നും ഇന്നും പിടികിട്ടാപ്പുള്ളി എന്ന വാക്കിന് ഒരു പേരാണുള്ളത്. മൂന്ന് ദശകങ്ങൾക്ക് മുൻപ് ഒരു കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനായ സുകുമാരക്കുറുപ്പ്. കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തിന് സിനിമാവിഷ്കാരം നൽകി സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ദുൽഖർ സൽമാനും മലയാളിയുടെ ഓർമകളിലേക്ക് സുകുമാരക്കുറിപ്പിനെ വീണ്ടും തിരിച്ചെത്തിച്ചിരുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചിത്രം ലോകമെമ്പാടുമായി തിയേറ്ററിലും ഒടിടിയിലും റിലീസ് ചെയ്തത്. 35 കോടി ബജറ്റിൽ നിർമിച്ച ക്രൈം ഡ്രാമ ചിത്രം ആഗോളതലത്തിൽ ആദ്യ രണ്ടാഴ്ച കൊണ്ട് 75 കോടി ഗ്രോസ് നേടിയിരുന്നു. മൗത്ത് പബ്ലിസിറ്റി വഴിയും വൻ കളക്ഷൻ നേടിയ കുറുപ്പിന്റെ മറ്റൊരു നേട്ടമാണ് റിലീസിന് ഒമ്പത് മാസങ്ങൾക്ക് ശേഷം നടനും നിർമാതാവുമായ ദുൽഖർ സൽമാൻ പങ്കുവച്ചിരിക്കുന്നത്. കുറുപ്പ് എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ കമ്പനി സ്വന്തമാക്കിയെന്നും ഇത് ഒരു റെക്കോർഡ് ബ്രേക്കിങ് ഡീലാണെന്നും താരം ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ൻമെന്റ്‌സും സീ കമ്പനിയുമായി കരാർ ഒപ്പിട്ടതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു റെക്കോർഡ് ബ്രേക്കിങ് ഡീലാണ്. ഇതിന് കാരണം നിങ്ങൾ എല്ലാവരും സിനിമയ്ക്ക് നൽകിയ സ്നേഹമാണ്. ഇതിന് എല്ലാവരോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു,’ എന്ന് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ഇതുവരെ 112 കോടി രൂപ സ്വന്തമാക്കിയതായും ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.

ദുൽഖർ സൽമാൻ ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിൽ ശോഭിത ധുലിപാലയായിരുന്നു നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ നിർണായക വേഷങ്ങളിലെത്തി. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നായിരുന്നു കുറുപ്പ് നിർമിച്ചത്.