ദുൽഖർ സൽമാൻ ആദ്യമായി ഒരു ഹിന്ദി ചിത്രത്തിൽ കേന്ദ്ര കഥാപത്രമായിയെത്തുന്ന സിനിമയാണ് ‘കർവാൻ. ആകർഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് വ്യക്തികളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഇർഫാൻ ഖാൻ, ദുൽഖർ, മിത്തിലാ പൽക്കർ എന്നിവരാണ് കേന്ദ്ര കഥാപാത്രമായിയെത്തുന്നത്. കോമഡി, ഫാമിലി എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ ബാംഗ്ലൂരിൽ പഠിച്ചു വളർന്ന യുവാവായാണ് ചിത്രത്തിൽ വേഷമിടുന്നത്. ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ബോളിവുഡ് സിനിമ ലോകത്തിന് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകർ ഇരുകൈയും നീട്ടിസ്വീകരിച്ചിരുന്നു. ആദ്യമായിട്ടാവും ഒരു ഹിന്ദി ചിത്രത്തിന്റെ റിലീസിനായി മലയാളികൾ കാത്തിരിക്കുന്നത്. പ്രീവ്യൂ ഷോ പൂർത്തിയാക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും നിന്ന് വന്നു കൊണ്ടിരിക്കുന്നത്.
കർവാൻ ജി.സി.സി യിലും മിഡ്‌ഡിൽ ഈസ്റ്റിലും ഇന്ന് പ്രദർശനത്തിനെത്തും. കേരളത്തിൽ നാളെയാണ് റിലീസിനെത്തുന്നത്. 85 തീയറ്ററുകളിൽ കർവാൻ കേരളത്തിൽ റിലീസ് ചെയ്യും. ജി.സി.സി യിലെ ഇന്നത്തെ പ്രതികരണം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചിത്രത്തിന്റെ നാളത്തെ റിലീസിന് ഗുണം ചെയ്യും. ദുൽഖർ വളരെ അനായസത്തോട് കൂടിയാണ് ഹിന്ദി ഭാഷ ട്രെയ്‌ലറിൽ കൈകാര്യം ചെയ്യുന്നത്, ആദ്യ ചിത്രത്തിലൂടെ ബോളിവുഡിലും താരം വിസ്മയം തീർക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. കർവാന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് ആകര്ഷ് ഖുറാന തന്നെയാണ്. സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. അവിനാഷ് അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയ് ശർമ്മയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക് ഖുഹാദ്, അനുരാഗ് സൈക്കിയാ, ഇമാദ് ഷാ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്‌ക മൂവിസിന്റെയും ആർ.എസ്.വി.പി മൂവീസിന്റെയും ബാനറിൽ റോണി സ്ക്രിവാലയുണ് പ്രീതി രതി ഗുപ്‌തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കർവാൻ നാളെ കേരളത്തിൽ പ്രദർശനത്തിനെത്തും.