
മമ്മൂട്ടിയുടെ കരിയറിൽ ഏറെ ചർച്ച വിഷയമായ സിനിമയാണ് ‘കസബ’. മാസ്സ് ഡയലോഗുകളുടെ തമ്പുരാൻ രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ വൻ വിജയം സൃഷ്ട്ടിച്ച മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് ‘കസബ’. റിലീസിന് ശേഷം ഒരുപാട് വിവാദങ്ങൾകൊണ്ട് നിറഞ്ഞു നിൽക്കുകയായിരുന്നു ഈ ചിത്രം. മമ്മൂട്ടി കരിയറിൽ ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരുന്നു രാജൻ സക്കറിയ. കസബയിൽ ഉടനീളം സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾ കാണാൻ സാധിക്കുന്നു എന്ന് ആരോപിച്ചു വനിതാ കമ്മീഷനാണ് ആദ്യം മുന്നോട്ട് വന്നത്. മമ്മൂട്ടി എന്ന കഥാപാത്രത്തെയും മമ്മൂട്ടി എന്ന വ്യക്തിയെയും ഒരെപ്പോലെ പലരും പരിഹസിച്ചിരുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കസബ എന്ന ചിത്രത്തെ പാർവതിയും വിമർശിച്ചിരുന്നു. പിന്നീട് മമ്മൂട്ടി ആരാധകരുടെ സൈബർ ആക്രമണമായിരുന്നു പാർവതിയെ തേടിയെത്തിയത്. പാർവതിയുടെ അന്നത്തെ പ്രസ്താവനയുടെ ഫലമായി അവസാനമിറങ്ങിയ ‘മൈ സ്റ്റോറി’ ചിത്രവും സൈബർ ആക്രമണത്തിന് വിധേയമായി.
കസബ വിഷയത്തെ കുറിച്ചു ആദ്യമായി പ്രതികരിച്ചു ദുൽഖർ സൽമാൻ രംഗത്തെത്തിയേക്കാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ദുൽഖർ തന്റെ നിലപാട് അറിയിച്ചത്. ഒരു സിനിമ കണ്ടോ അതിലെ സംഭാഷങ്ങൾ കണ്ടോ ഒരു വ്യക്തിയെ നമുക്ക് വിലയിരുത്താൻ സാധിക്കുകയില്ലയെന്നും, തന്റെ വാപ്പച്ചിയെ തനിക്ക് നന്നായി അറിയാമെന്നും പൊതുവേദിയിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരെ ഒരു വാക്ക് പോലും മോശമായി പറയുകയോ ഒരു സ്ത്രീയെ മോശമായി ചിത്രീകരിക്കുകയോ തന്റെ വാപ്പിച്ചി ചെയ്തിട്ടില്ലയെന്ന് ദുൽഖർ വ്യക്തമാക്കി. ഒരു സിനിമയിലെ കഥാപാത്രത്തെയും ജീവിതത്തിലെ ആ വ്യക്തിയെയും വേർതിരിച്ചു കാണാനുള്ള സാമാന്യ ബോധം പോലും ഇന്ന് പലർക്കില്ല. കസബയുടെ സമയത്ത് വാപ്പിച്ചിയുടെ നേരെ ഉയർന്ന വിമർശനങ്ങൾ തനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കിയെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. തന്നെയും സഹോദരിയെയും വളരെ കരുതലോടെയാണ് വളർത്തിയിട്ടുള്ളതെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കുടുംബമാണ് തങ്ങളുടെയെന്ന് ദുൽഖർ അഭിപ്രായപ്പെട്ടു. സിനിമയിലെ രാഷ്ട്രീയവും ഏറെ വെറുക്കുന്ന വ്യക്തി കൂടിയാണ് താനെന്ന് കൂട്ടിച്ചേർത്തു. തന്റെ സിനിമകളിലായാലും സ്ത്രീ വിരുദ്ധ സംഭാഷണം ഉണ്ടായിട്ടില്ലയെന്നും ഇനി ഉണ്ടാവുകയുമില്ലയെന്ന് ദുൽഖർ ഉറപ്പ് നൽകി.