ഇന്ന് മലയാള സിനിമയിലെ ഏറ്റവും പോപ്പുലർ ആയ യുവ താരങ്ങളിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ ഇന്ഡസ്ട്രികളുടെയും ഭാഗമായി കഴിഞ്ഞു ദുൽഖർ. മോളിവുഡിൽ സ്വന്തമായി ഒരിടം നേടിയ ദുൽഖർ ഇപ്പോൾ ബോളിവുഡിലും ആ ഇടം നേടാൻ ഉള്ള ശ്രമത്തിൽ ആണ്. ദുൽഖറിന്റേതായി ഇനി വരാൻ പോകുന്ന മൂന്നു ചിത്രങ്ങളിൽ രണ്ടെണ്ണം തമിഴും ഒരെണ്ണം ഹിന്ദിയും ആണ്. ദുൽഖറിന്റെ പുതിയ മലയാളം റിലീസ് ആയ ഒരു യമണ്ടൻ പ്രേമകഥയും ബോക്സ് ഓഫീസിൽ വിജയം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് അഭിനയം പഠിക്കാൻ താൻ നടത്തിയ മുന്നൊരുക്കങ്ങളും അതിനു എടുത്ത പരിശ്രമങ്ങളും ദുൽഖർ സൽമാൻ തുറന്നു പറഞ്ഞത്.
സിനിമയിലേക്ക് ഇറങ്ങുന്നതിനു മുൻപ് മുംബൈയിലെ പ്രശസ്തമായ അഭിനയ കളരികളിൽ പഠിക്കാനാണ് ദുൽഖർ പോയത്. ആ സമയത്തു ആണ് മുംബൈയിലെ തെരുവുകളിൽ അഭിനയം പഠിക്കുന്നതിന്റെ ഭാഗമായി ദുൽഖർ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചത്. അവതരിപ്പിക്കേണ്ട കഥാപാത്രങ്ങളെ കണ്ടെത്താൻ ദിവസങ്ങളോളം തെരുവുകളിൽ അലഞ്ഞിട്ടുണ്ട് എന്ന് ദുൽഖർ പറയുന്നു. പലരെയും കണ്ടും ഒരുപാട് സമയം സംസാരിച്ചും അവരുടെ ചലനങ്ങൾ വരെ നോക്കി പഠിച്ചുമാണ് അഭിനയ കളരിയിലെ പ്രൊജെക്ടുകൾ പൂർത്തിയാക്കിയത് എന്ന് ദുൽഖർ ഓർമ്മിച്ചെടുക്കുന്നു. മുംബൈയിലെ ബാരി ജോണ് ആക്ടിങ് സ്റ്റുഡിയോയിൽ ആണ് ദുൽഖർ അഭിനയം പഠിച്ചത്. ആ അനുഭവം പിന്നീട് സിനിമയിൽ എത്തിയപ്പോൾ ഏറെ ഗുണം ചെയ്തു എന്നും ദുൽഖർ സൽമാൻ പറയുന്നു.