മലയാളത്തിന്റെ യുവതാരം ദുൽകർ സൽമാൻ എപ്പോഴത്തെയും പോലെ തിരക്കിലാണ്. എന്നാൽ ദുൽകർ ഇപ്പോൾ തിരക്കിട്ടോടുന്നത് മലയാള സിനിമയിയിലല്ല , തെലുങ്കാനയിലേക്കും തമിഴകത്തേക്കുമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുൽകർ ഇപ്പോൾ അഭിനയിച്ചു പൂർത്തിയാക്കിയിരിക്കുന്ന ചിത്രം ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയാണ്. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ദ്വിഭാഷാ ചിത്രമാണ് സോളോ. ഈ ചിത്രമായിരിക്കും ദുൽകർ നായകനായി എത്തുന്ന അടുത്ത റിലീസ്. തമിഴ് നാട്ടിലും വമ്പൻ റിലീസിനാണ് അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. എന്നാൽ സോളോ പൂർത്തിയാക്കിയതിനു ശേഷം ദുൽകർ നേരെ പോയത് തെലുങ്കാനയിലേക്കാണ്. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ ദുൽകർ അഭിനയിച്ചു തുടങ്ങി കഴിഞ്ഞു. ഇതിഹാസ നടിയായ സാവിത്രിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ജമിനി ഗണേശന്റെ വേഷമാണ് ദുൽകർ അവതരിപ്പിക്കുന്നത്. സാവിത്രിയായി എത്തുന്നത് മലയാളി നടിയും ദക്ഷിണേന്ത്യയിലെ ഇപ്പോഴത്തെ മിന്നും താരവുമായ കീർത്തി സുരേഷാണ്.
ഈ ചിത്രം ഇറങ്ങുന്നതോടെ ദുൽകർ സൽമാന്റെ മാർക്കറ്റ് തെലുഗ് സംസ്ഥാനങ്ങളിൽ വലിയ നിലയിലേക്കുയരും എന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രം മലയാളത്തിലേക്കും തമിഴിലേക്കും മൊഴി മാറ്റി പ്രദര്ശനത്തിനെത്തിക്കാനുള്ള നീക്കവും നടക്കുന്നു എന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം ദുൽകർ സൽമാൻ ഈ വര്ഷം ചെയ്യാൻ പോകുന്നത് രണ്ടു തമിഴ് ചിത്രങ്ങളാണ് എന്നാണ് വാർത്തകൾ വരുന്നത്.
ഒരു തമിഴ് ചിത്രം ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്നതാണെങ്കിൽ രണ്ടാമത്തെ തമിഴ് ചിത്രം സംവിധാനം ചെയ്യുക രാ കാർത്തിക് ആണ്. ദേസിങ് പെരിയസാമി ഒരുക്കുന്ന ചിത്രം ഒരു റൊമാന്റിക് ചിത്രമാണെന്നാണ് സൂചനകൾ ലഭിക്കുന്നത്. സിദ്ധാർഥ് എന്ന് പേരുള്ള കഥാപാത്രത്തെയാണ് ദുൽകർ അവതരിപ്പിക്കുക എന്നാണ് വാർത്തകൾ പറയുന്നത്.
രാ കാർത്തിക് ഒരുക്കുന്ന ചിത്രം ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് . ദുൽഖറിന് ഒന്നിലധികം നായികമാർ ഉണ്ടെന്നതാണ് ഈ രണ്ടു തമിഴ് ചിത്രങ്ങളുടെയും സവിശേഷത. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ് മാസത്തിൽ തുടങ്ങുമെന്നും അതുപോലെ രാ കാർത്തിക്കിന്റെ ദുൽകർ ചിത്രം തുടങ്ങുക ഈ വരുന്ന ഡിസംബറിലും ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടയിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകൻ എന്ന മലയാള ചിത്രത്തിലും ദുൽകർ അഭിനയിച്ചേക്കാം.