
മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാൽ’ പ്രഖ്യാപിച്ചത് മുതൽ തന്നെ ദുൽഖർ സൽമാൻ ചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. ഏഷ്യാ വിഷൻ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അവതാരകർ ദുൽഖറിനോട് ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.
അച്ഛൻ ചെയ്ത സിനിമകളിലേതെങ്കിലും റീമേക്ക് ചെയ്യാൻ അവസരമുണ്ടായാൽ ഏത് കഥാപാത്രം തിരഞ്ഞെടുക്കാനാണ് ഇഷ്ടമെന്നായിരുന്നു ഒരു ചോദ്യം. ഇതിന് മറുപടിയായി അച്ഛൻ ചെയ്ത കഥാപാത്രങ്ങൾ പുനവതരപ്പിക്കുക അത്ര എളുപ്പമല്ലെന്നും സാമ്രാജ്യം, ദി കിങ് പോലുളള സ്റ്റൈലിഷ് സിനിമകൾ ഇഷ്ടമാണെന്നും ദുൽഖർ പറയുകയുണ്ടായി.
ബിലാലിന്റെ രണ്ടാം വരവിൽ ഒപ്പം ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ചും അവതാരകർ ദുൽഖറിനോട് ചോദിച്ചു. ഇക്കാര്യത്തെക്കുറിച്ച് അമൽ നീരദ് തന്നെ വ്യക്തമാക്കി കഴിഞ്ഞുവെന്നായിരുന്നു ദുൽഖറിന്റെ മറുപടി.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും മാത്രമല്ല താൻ ഓഡീഷന് പോയി നിൽക്കാമെന്നും കുഞ്ഞിക്ക വ്യക്തമാക്കി. ബിഗ് ബിയുടെ എത്ര ഭാഗം വന്നാലും ആ സിനിമ എല്ലാവർക്കും ഇഷ്ടമാകുമെന്നും എല്ലാവരെപ്പോലെ താനും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു.