പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ ഹോസ്പിറ്റൽസ് കേരളയുമായും, ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ട്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, നിർദ്ധനരനായ നൂറ് കുട്ടികളുടെ ജീവൻ രക്ഷാ ശസ്ത്രക്രിയകൾ സൗജന്യമായി ഏറ്റെടുത്തു കൊണ്ട് ദുൽഖർ സൽമാൻ ഫാമിലി. ട്രീ ഓഫ് ലൈഫ് എന്ന് പേരിട്ട പദ്ധതിയിലൂടെയാണ് ദുൽഖർ സൽമാൻ ഫാമിലി ഈ സൗജന്യ ശസ്ത്രക്രിയകൾ നടത്തി കൊടുക്കുന്നത്. കേരളത്തിലെ ആസ്റ്റർ മെഡ്സിറ്റി – കൊച്ചി, ആസ്റ്റർ മിംസ് – കാലിക്കറ്റ്, ആസ്റ്റർ മിംസ് – കോട്ടക്കൽ, ആസ്റ്റർ മിംസ് – കണ്ണൂർ, ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ ക്ലിനിക്കൽ ലീഡുകളുടെ മേൽനോട്ടത്തിൽ ആണ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 100 കുട്ടികൾക്കായുള്ള ചികിത്സ ലഭ്യമാക്കുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.
ലിവർ- കിഡ്നി ട്രാൻസ്പ്ലാൻറ്, ബോൺ മാരോ- സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ, ഓർത്തോപീഡിക്സ്, ന്യൂറോ സർജറി, യൂറോളജി എന്നിങ്ങനെ, വലിയ ചിലവുള്ള ചികിത്സ ആവശ്യമുള്ള രോഗങ്ങൾ ബാധിച്ച കുട്ടികൾക്കു സഹായം നൽകുന്നതിനൊപ്പം, ചികിത്സയുടെ ഭാഗമായി വരുന്ന അധിക ചിലവുകളും ആസ്റ്റർ ഹോസ്പിറ്റലുകൾ തന്നെയാണ് വഹിക്കുന്നത്. നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികൾക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ് നൽകുന്നതെന്നും, കാരുണ്യവും സമാനതകളില്ലാത്തതുമായ ഈ സംരംഭം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഓരോ കുട്ടിക്കും നൽകുന്നതെന്നും ദുൽഖർ സൽമാൻ പറയുന്നു. ശിശുദിനത്തിലാണ് ഈ പദ്ധതി ദുൽഖർ ഉത്‌ഘാടനം ചെയ്തത്. കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് എന്ന സംരംഭം ആരംഭിച്ച താരം, ദുൽഖർ സൽമാൻ ഫാമിലി അഥവാ DQF എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് നൽകിയിരിക്കുന്ന പേര്. കലാകാരന്മാർക്കൊപ്പം ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടിയും പ്രവർത്തനങ്ങൾ തുടങ്ങിയ ദുൽഖർ സൽമാൻ ഫാമിലി, ട്രീ ഓഫ് ലൈഫിലൂടെ ആരോഗ്യ രംഗത്തേക്കും ചുവടു വെക്കുകയാണ്.