ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം റിലീസ് ചെയ്തത് ഈ വർഷം ഫെബ്രുവരി മാസത്തിലായിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചിച്ചു സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ തീയേറ്ററുകളിൽ മികച്ച വിജയവും നേടിയെടുത്തു. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ ദുൽഖർ സൽമാനും അഭിനയിച്ചു. ഉർവശി, കെ പി എ സി ലളിത, ജോണി ആന്റണി, മേജർ രവി, ലാലു അലക്സ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. എന്നാൽ ഈ ചിത്രത്തിലെ ഒരു രംഗത്തിൽ തന്റെ ഫോട്ടോ അനുവാദം കൂടാതെയാണ് ഉപയോഗിച്ചത് എന്ന് പറഞ്ഞു ചേതന കപൂർ എന്നൊരു പെൺകുട്ടി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ചിത്രം ഉപയോഗിച്ച സിനിമയിലെ രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ചേതന രംഗത്ത് വന്നതോട് ഈ പെൺകുട്ടിയോട് മാപ്പു പറഞ്ഞിരിക്കുകയാണ് നിർമ്മാതാവായ ദുൽഖർ സൽമാൻ.
തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ചേതനയോടു മാപ്പു പറഞ്ഞു ദുൽഖർ മുന്നോട്ടു വന്നത്. തന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് ഈ സിനിമയില്‍ തന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് എന്നും പൊതുവേദിയില്‍ ഉണ്ടാവുന്ന ബോഡി ഷെയിമിങില്‍ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു എന്നും ചേതന ട്വീറ്റ് ചെയ്തു. ഒപ്പം ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാനും താൻ ആഗ്രഹിക്കുന്നു എന്നും അവർ പറഞ്ഞു. ദുൽഖറിനെ ടാഗ് ചെയ്താണ് ചേതന ആ ട്വീറ്റ് ഇട്ടതു. അത് ശ്രദ്ധയിൽപെട്ട ഉടനെ ദുൽഖറിന്റെ മാപ്പപേക്ഷയും വന്നു. തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നു എന്ന് പറഞ്ഞ ദുൽഖർ, ചിത്രം എങ്ങനെയാണ് സിനിമയുടെ രംഗത്തില്‍ എത്തിയതെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും എന്നറിയിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ തന്റേയും, ഡിക്യു വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണെന്നും അത് മനപൂര്‍വ്വം സംഭവിച്ചതല്ലെന്നും പറഞ്ഞാണ് ദുൽഖർ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
Dear @dulQuer @DQsWayfarerFilm
— Chetna Kapoor (@chetnak92) April 20, 2020
Thank you for the feature in your film but I’d like you to excuse me from body-shaming on a public forum. The concerned image was used without my consent & knowledge in your film. I’d like to claim ownership of the same. #VaraneAvashyamund pic.twitter.com/UnDYoDOc3B