ആ ഡാൻസ് സ്റ്റെപ് വേണമെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം എങ്ങനെ; ദുൽഖർ സൽമാൻ പറയുന്നു

Advertisement

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിലെ നായക വേഷമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ശോഭന, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ മേജർ ഉണ്ണികൃഷ്ണൻ എന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരനായാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. വളരെ രസകരമായാണ് ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതും അദ്ദേഹം അതവതരിപ്പിച്ചിരിക്കുന്നതും. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലെയും റെഫെറെൻസുകളും വളരെ രസകരമായി ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. കമ്മീഷണർ എന്ന ചിത്രത്തിലെ ഓർമ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗും അതിലെ പശ്ചാത്തല സംഗീതവും മുതൽ മണിച്ചിത്രത്താഴിലെ ഗംഗേ എന്നുള്ള സുരേഷ് ഗോപിയുടെ വിളിയും അതുപോലെ ചുക്കാൻ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ രസകരമായ ഡാൻസ് സ്റ്റെപ്പും ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ചുക്കാൻ എന്ന ചിത്രത്തിലെ മലരമ്പൻ തഴുകുന്ന കിളിമകളെ എന്ന ഗാനത്തിലാണ് വളരെ രസകരമായ ഒരു നൃത്ത ചുവടു സുരേഷ് ഗോപി വെക്കുന്നത്. അത് പിന്നീട് മിമിക്രിക്കാരും ട്രോളന്മാരും ഏറെ പോപ്പുലറാക്കുകയും ചെയ്തു. ആ സ്റ്റെപ് ഈ ചിത്രത്തിൽ ഒരിക്കൽ കൂടി സുരേഷ് ഗോപിയെ കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ഈ ഐഡിയ ആദ്യം അനൂപ് പറഞ്ഞപ്പോൾ അദ്ദേഹം ഇത് ചെയ്യുമോ എന്ന സംശയം തനിക്കു ഉണ്ടായിരുന്നു എന്നും എന്നാൽ ഇതിനെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോൾ യാതൊരു എതിർപ്പും കൂടാതെ അദ്ദേഹം അത് ചെയ്യുകയായിരുന്നു എന്നും അദ്ദേഹവും അത് ഏറെ ആസ്വദിച്ചതായാണ് തനിക്കു തോന്നിയത് എന്നും ദുൽഖർ പറയുന്നു. തമാശയും, ഹീറോയിസവും വൈകാരികതയുമെല്ലാം നിറഞ്ഞ ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close