മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ്. ഒരെണ്ണം റോഷൻ ആൻഡ്രൂസ് ഒരുക്കിയ മലയാള ചിത്രമായ സല്യൂട്ട് ആണെങ്കിൽ മറ്റൊന്ന് ബ്രിന്ദ മാസ്റ്റർ ഒരുക്കിയ തമിഴ് ചിത്രമായ ഹേ സിനാമിക ആണ്. ദുൽഖർ ആദ്യമായി പോലീസ് കഥാപാത്രം ചെയ്യുന്ന സല്യൂട്ട് ജനുവരി പതിനാലിന് റിലീസ് പറഞ്ഞിരുന്നത് ആണെങ്കിലും പിന്നീട് കോവിഡ് സാഹചര്യത്തിൽ റിലീസ് മാറ്റുകയായിരുന്നു. ഹേ സിനാമിക ഫെബ്രുവരി അവസാന വാരമാണ് ഇപ്പോൾ റിലീസ് പറഞ്ഞിരിക്കുന്നത്. ഏതായാലും ദുൽഖർ ആരാധകർക്ക് ആഘോഷമാക്കാൻ മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായി ആണ് ഇനി നാലു ചിത്രങ്ങൾ വരുന്നത്. ഇപ്പോഴിതാ ഒരു സിനിമ പ്രേക്ഷകൻ എന്ന നിലയിൽ തനിക്കു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട അഞ്ചു മലയാള ചിത്രങ്ങൾ ഏതെന്നു വെളിപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ.
ബിഹൈന്‍ഡ് വുഡ്‌സിനോടായിരുന്നു ദുല്‍ഖറിന്റെ ഈ വെളിപ്പെടുത്തൽ. അതിൽ ആദ്യത്തേത് അച്ഛൻ മമ്മൂട്ടി നായകനായ സിബി മലയിൽ- ലോഹിതദാസ് ചിത്രമായ തനിയാവർത്തനമാണ്. പിന്നീട് ദുൽഖറിന് ഇഷ്ടപെട്ട ചിത്രം സത്യൻ അന്തിക്കാട്- രഘുനാഥ് പാലേരി- ശ്രീനിവാസൻ ടീമിൽ നിന്നെത്തിയ പൊന്മുട്ടയിടുന്ന താറാവ് ആണ്. ദുൽഖറിന് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട പ്രണയ ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പദ്മരാജൻ ചിത്രം നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ. ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള ചിത്രവും ഇതാണെന്നും ദുൽഖർ പറയുന്നു. അമരവും സാമ്രാജ്യവുമാണ് ദുല്‍ഖര്‍ നാലാമതും അഞ്ചാമതും പറഞ്ഞ ചിത്രങ്ങൾ. ഇതിൽ രണ്ടിലും ദുൽഖറിന്റെ അച്ഛനായ മമ്മൂട്ടി ആണ് നായകൻ. ഭരതൻ ഒരുക്കിയ ചിത്രമാണ് അമരം എങ്കിൽ ജോമോൻ ആണ് സാമ്രാജ്യം ഒരുക്കിയത്.