ഇന്ത്യൻ സിനിമയിൽ നായകനായും പ്രതിനായകനായും ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് വിവേക് ഒബ്രോയ്. റാം ഗോപാൽ വർമ്മയുടെ കമ്പനി എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ മോഹൻലാൽ ചിത്രമായ ലൂസിഫർ എന്ന ചിത്രത്തിൽ ബോബി എന്ന പ്രതിനായകനായും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബാംഗ്ലൂരിൽ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ വിവേക് ഒബ്രോയുടെ വീട്ടിൽ റെയ്ഡ് ചെയ്തിരിക്കുകയാണ്. വിവേകിന്‍റെ സഹോദരീ ഭര്‍ത്താവ് ആദിത് ആല്‍വയെ തേടിയാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.
നടൻ വിവേക് ഒബ്രോയ്‌യുടെ മുംബൈയിലെ വീട്ടിലാണ് ബാംഗ്ലൂർ പോലീസ് റെയ്ഡിനായി എത്തിയത്. ആദിത് ആൽവ ഒളിവിൽ പോവുകയും നടൻ വിവേക് ഒബ്രോയ്‌യുടെ വീട്ടിൽ രഹസ്യമായി താമസിക്കുന്നുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാറന്റുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കെത്തിയതെന്ന് ബാംഗ്ലൂർ ജോയിന്റ് കമ്മീഷണർ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു. കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. സിനിമാ മേഖല ഉള്‍പ്പെട്ട സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആല്‍വയെ തേടുന്നത്. താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ 15 പേര്‍ ഇതിനകം അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ താരങ്ങളുമുണ്ട്. ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ പൊലീസ് അറസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിത്യ ആല്‍വ ഒളിവിൽ പോവുകയായിരുന്നു. വിവേക് ഒബ്രോയ്‌യ്ക്ക് മയക്ക് മരുന്ന് കേസുമായി യാതൊരു ബന്ധമില്ലയെന്നും സഹോദരി ഭർത്താവ് മാത്രമാണ് ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.