ദൃശ്യം 2 വായിച്ചു, ത്രില്ലിംഗ് ആകും: മോഹൻലാൽ

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ അറുപതാം ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രമേതെന്ന പ്രഖ്യാപനമുണ്ടായത്. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്യാൻ പോകുന്ന ദൃശ്യം 2 എന്ന ചിത്രമാണത്. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ വിജയമായിരുന്നു ഈ കൂട്ടുകെട്ടിൽ സംഭവിച്ച ദൃശ്യം എന്ന ചിത്രം. മലയാളത്തിൽ ആദ്യമായി അമ്പതു കോടി രൂപ കളക്ഷൻ നേടിയ ഈ ചിത്രം ആറ് ഭാഷകളിൽ റീമേക് ചെയ്തെന്ന റെക്കോർഡും നേടിയെടുത്തു. ഇപ്പോൾ ഇതിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനത്തിനു തന്നെ ഇന്ത്യൻ സിനിമാ ലോകത്തു നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. താൻ ദൃശ്യം 2 ന്റെ തിരക്കഥ പൂർണ്ണമായും വായിച്ചു എന്നും വളരെ ത്രില്ലിങ്ങായ ഒരു ചിത്രമായിരിക്കും ഇതെന്നും മോഹൻലാൽ തന്റെ പിറന്നാൾ ദിനത്തിൽ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതൊരു നല്ല ചിത്രമായിരിക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫും പറഞ്ഞു.

ദൃശ്യം എന്ന സിനിമ വമ്പൻ വിജയത്തിലുപരി മലയാളത്തിലെ ഒരു ക്ലാസിക് പദവി നേടിയ ചിത്രം കൂടിയായതിനാൽ, ഇതിന്റെ രണ്ടാം ഭാഗം വലിയ വെല്ലുവിളി ആണെന്നും അതിനു ശ്രമിക്കേണ്ട എന്നും ഒരുപാട് പേര് തന്നോട് പറഞ്ഞിരുന്നു എന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. ആദ്യം തനിക്കും ഒരു ആത്മവിശ്വാസകുറവ് ഉണ്ടായിരുന്നെങ്കിലും തിരക്കഥയുടെ ആദ്യ പതിപ്പ് പൂർത്തിയതോടെ ആത്മവിശ്വാസം വന്നുവെന്നും അതുപോലെ ഈ തിരക്കഥ വായിച്ചവർ എല്ലാം തന്നെ ധൈര്യമായി മുന്നോട്ടു പോവാനുള്ള പിന്തുണയും കൂടി തന്നുവെന്നും ജീത്തു പറയുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ലോക്ക് ഡൌൺ കഴിഞ്ഞാലുടൻ ഷൂട്ടിംഗ് ആരംഭിച്ചു അറുപതു ദിവസം കൊണ്ട് തീർക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close