ദൃശ്യം 2 ഒടിടി റിലീസ്; ആന്റണി പെരുമ്പാവൂർ എന്ന ബിസിനസുകാരന്റെ രാജതന്ത്രം എന്ന് സോഷ്യൽ മീഡിയ..!

Advertisement

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദൃശ്യം 2 എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന് ഇപ്പോൾ ഇന്ത്യ മുഴുവൻ ഗംഭീര സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭാഷ- ദേശ വ്യത്യാസമില്ലാതെ ഓരോ ഇന്ത്യൻ സിനിമാ പ്രേക്ഷകരും ഈ ചിത്രത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. ജീത്തു ജോസഫ് എന്ന സംവിധായകനും മോഹൻലാൽ എന്ന നടനും അത്ര വലിയ കയ്യടിയാണ് ഓരോരുത്തരിലും നിന്നും ലഭിക്കുന്നത്. എന്നാൽ അതിനൊപ്പം തന്നെ സോഷ്യൽ മീഡിയ പറയുന്ന മറ്റൊരു കാര്യം ഈ ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരിനെ കുറിച്ചാണ്. ഈ ചിത്രം ആമസോൺ പ്രൈം എന്ന ഒടിടി പ്ലാറ്റ്ഫോമിന് നൽകിയതിൽ ആന്റണി പെരുമ്പാവൂരിനെ വിമർശിച്ചു ഒട്ടേറെ പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴും ആ വിമർശനം തുടരുന്നവരുമുണ്ട്. ഇത്രയും ഗംഭീരമായ ഒരു ചിത്രത്തിന്റെ തീയേറ്റർ അനുഭവം നഷ്ട്ടപെട്ടതിന്റെ വേദനയുള്ളവരാണ് അതിൽ കൂടുതലും. എന്നാൽ നൂറു കോടിയോളം മുതൽ മുടക്കിയെടുത്ത മറ്റൊരു ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാൻ കയ്യിൽ സൂക്ഷിച്ചിരിക്കുന്നത് കൊണ്ട് തന്നെ, ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു ചിത്രം കൂടി കയ്യിൽ വെച്ച് കൊണ്ടിരിക്കാൻ പറ്റാത്ത സാമ്പത്തിക ഞെരുക്കം വന്നപ്പോഴാണ് താൻ ദൃശ്യം 2 ആമസോൺ പ്രൈമിന് നൽകിയതെന്ന് ആന്റണി പെരുമ്പാവൂരും ആശീർവാദ് സിനിമാസിലെ പങ്കാളി കൂടിയായ നടൻ മോഹൻലാലും പറഞ്ഞിരുന്നു.

പക്ഷെ അതിനൊക്കെ മുകളിൽ ആന്റണി പെരുമ്പാവൂർ എന്ന ബിസിനസ്സുകാരൻ കാഴ്ചവെച്ച ഒരു രാജതന്ത്രം കൂടിയാണ് ഈ ഒടിടി റിലീസ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. അതിന്റെ കാരണം വിവരിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ആറു ഭാഷയിൽ റീമേക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം. പക്ഷെ എല്ലാ ഭാഷകളിലെ പ്രേക്ഷകരും വിചാരിച്ചിരുന്നത് ഒറിജിനൽ അവരുടെ ഭാഷയിലേതു ആണെന്നാണ്. പക്ഷെ ഇപ്പോൾ ഇരുന്നൂറിൽ അധികം രാജ്യങ്ങളിൽ, ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെ, മലയാള ഭാഷയിൽ തന്നെ ദൃശ്യം 2 സ്ട്രീം ചെയ്യുമ്പോൾ ശ്രദ്ധ നേടുന്നത് മലയാളം സിനിമാ ഇന്ഡസ്ട്രിയും അതിലൂടെ വർധിക്കുന്നത് മലയാള സിനിമകളുടെ പാൻ ഇന്ത്യൻ മാർക്കറ്റും പ്രേക്ഷകരുമാണ്. ദൃശ്യം ഏത് ഭാഷയിൽ കണ്ടവരാണേലും രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞാൽ ആകാംഷ കൊണ്ട് തീർച്ചയായും കാണുമെന്നും ഇങ്ങനെ കാണുന്നവരുടെ മുന്നിലേക്ക് തുറക്കപ്പെടുന്നത് മോളിവുഡിലേക്കുള്ള വാതിലാണ് എന്നും ഒരു വിഭാഗം പ്രേക്ഷകർ പറയുന്നു.

Advertisement

ബാഹുബലിയും, കെ ജി എഫും തെലുങ്ക്, കന്നഡ ഇന്ഡസ്ട്രികളിലെ ചിത്രങ്ങളെ ശ്രദ്ധിക്കാൻ ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരെ പ്രേരിപ്പിച്ച പോലെയുള്ള സ്വാധീനമാണ് ഇപ്പോൾ ദൃശ്യം 2 ആമസോൺ സ്ട്രീമിങ്ങിലൂടെ മലയാള സിനിമയ്ക്കു ഉണ്ടാക്കി നൽകുന്നതെന്നും അവർ വിലയിരുത്തുന്നു. നാളെ നമ്മുടെ തിയേറ്റർ റിലീസ് പടങ്ങൾ വരെ അന്യ ഭാഷാ പ്രേക്ഷകരിലെത്താൻ ഇത് കാരണമായി മാറും. ഇനി ആശീർവാദ് സിനിമാസ് എന്ന നിർമ്മാണ കമ്പനിയുടെ കാര്യമെടുത്താൽ, അവരുടെ അടുത്ത റിലീസായ മെഗാ ബഡ്ജറ്റ് പടം മരക്കാരിനു ദൃശ്യം തുറന്ന് വച്ച മാർക്കറ്റിലേക്ക് പാൻ ഇന്ത്യൻ അപ്പീലോടെ എത്തുമ്പോൾ കിട്ടുന്ന ഓളവും വരവേൽപ്പും വളരെ വലുതായിരിക്കും. ബാഹുബലിക്ക് ശേഷം പ്രഭാസിൻ്റെ സാഹോ ഇറങ്ങിയപ്പോൾ എന്ത് വലിയ മാർക്കറ്റായിരുന്നു എന്നും അതേപോലെ വലിയ സ്വീകരണമാണ് മരക്കാരിനും കിട്ടാൻ പോകുന്നതെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. ചില ബോക്സ് ഓഫിസ് കണക്കുകളും, തീയേറ്റർ അനുഭവവും നഷ്ടപ്പെട്ടാലും ദീർഘകാലാടിസ്ഥാനത്തിൽ ആലോചിച്ചു നോക്കിയാൽ, ദൃശ്യം 2 ഒടിടി സ്ട്രീമിങ് ആൻ്റണി പെരുമ്പാവൂർ എന്ന പകരം വെക്കാനില്ലാത്ത ബിസിനസ് ജീനിയസിൻ്റെ രാജതന്ത്രമാണ് എന്നതാണ് സത്യമെന്നും അവർ വിശദീകരിക്കുന്നു. ഏതായാലും ഇന്ത്യക്കു അകത്തും പുറത്തും തരംഗം സൃഷ്ടിക്കുന്ന വിജയമായി ദൃശ്യം 2 മാറിക്കഴിഞ്ഞു എന്നതാണ് സത്യം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close