2021 എന്ന വർഷം പാതി പിന്നിടുമ്പോൾ കോവിഡ് പ്രതിസന്ധിയുടെ രണ്ടാം വരവിൽ പെട്ട് ഇന്ത്യൻ സിനിമാ ലോകം നിശ്ചലമാണ്. എങ്കിലും ഈ മാസം ജനുവരി മുതൽ കഴിഞ്ഞ മാസം വരെ പല പല ഇന്ത്യൻ ഭാഷകളിൽ ആയി തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി ഒട്ടേറെ ചിത്രങ്ങൾ റിലീസ് ചെയ്യുകയും മികച്ച വിജയവും വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രശസ്ത ഇന്ത്യൻ സിനിമാ നിരൂപണ മാധ്യമമായ ഫിലിം കംപാനിയൻ ഈ വർഷം ഇന്ത്യയിൽ നിന്നുണ്ടായ ഏറ്റവും മികച്ച പത്തു ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരുന്നു. അതിൽ അഞ്ചും മലയാള ചിത്രങ്ങൾ ആയിരുന്നു എന്നതാണ് ആവേശകരമായ കാര്യം. മോഹൻലാൽ നായകനായ ദൃശ്യം 2 , ഫഹദ് ഫാസിൽ നായകനായ ജോജി, ടോവിനോ തോമസ് നായകനായ കള, സുരാജ് വെഞ്ഞാറമ്മൂട്- നിമിഷാ സജയൻ ടീമിന്റെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കുഞ്ചാക്കോ ബോബൻ നായകനായ നായാട്ട് എന്നിവയാണ് ആ അഞ്ചു ചിത്രങ്ങൾ. ദി ഡിസൈപ്പിൾ, കർണ്ണൻ, ജാതി രത്നലു, ഗീലി പുച്ചി, മണ്ടേല എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു ചിത്രങ്ങൾ.
ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി മലയാള സിനിമയെ തേടി എത്തിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ പുറത്തു വന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും വലിയ ഐ എം ഡി ബി റേറ്റിങ് നേടിയ ചിത്രമായി മാറിയിരിക്കുന്നത് മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 ആണ്. 8.8 ആണ് ദൃശ്യം 2 ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് എന്ന ലോക പ്രശസ്ത സിനിമാ ഡാറ്റാ ബേസിൽ നേടിയിരിക്കുന്നത്. ജീത്തു ജോസഫിന്റെ മികച്ച തിരക്കഥക്കും സംവിധാന മികവിനുമൊപ്പം മോഹൻലാൽ എന്ന മഹാനടനും തന്റെ ഗംഭീര പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദേശീയ- അന്തർദേശീയ ശ്രദ്ധ നേടിയ ചിത്രമായി ദൃശ്യം 2 മാറി. ഇപ്പോഴിതാ ഈ ചിത്രത്തിലൂടെ മലയാള സിനിമയും മോഹൻലാലും ഒരേപോലെ തലയുയർത്തി നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.