ഇന്നലെയാണ് ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്ത്തി കൊണ്ട്, ലോക പ്രശസ്ത സംവിധായകൻ കിം കി ഡൂക്ക് അന്തരിച്ചത്. കോവിഡ് ബാധിച്ചു ലാത്വിയായിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു കൊണ്ട്, അദ്ദേഹവുമായി നടത്തിയ സോഷ്യൽ മീഡിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കു വെച്ചിരിക്കുകയാണ് പ്രശസ്ത മലയാളി സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ഡോക്ടർ ബിജു. ആ സ്ക്രീൻ ഷോട്ടുകൾ പങ്ക് വെച്ചു കൊണ്ട് ഡോക്ടർ ബിജു കുറിച്ചിരിക്കുന്നത് ഇങ്ങനെ, ഇനി ഈ ചാറ്റുകൾ ഇല്ല. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി. പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും. എന്തൊരു വർഷമാണീ 2020.
ദക്ഷിണ കൊറിയൻ സ്വദേശി ആയിരുന്ന കിം തന്റെ അന്പതിയൊന്പതാം വയസ്സിലാണ് വിട പറഞ്ഞത്. കോവിഡ് ബാധിച്ചു അദ്ദേഹം അത്യാസന്ന നിലയിലായിരുന്നു എന്ന് ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ശേഷം നവംബർ 20 നാണ് അദ്ദേഹം ലാത്വിയയിൽ എത്തിയത്. സ്പ്രിങ് സമ്മർ ഫാൾ വിന്റർ. ആന്റ് സ്പ്രിങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാളീ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത്. അദ്ദേഹത്തിന്റെ ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, ദി ബോ എന്നീ സിനിമകളും വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പല തവണ ആദരിക്കപ്പെട്ട സംവിധായകനായിരുന്നു കിം കി ഡൂക്ക്. ഏതായാലും സിനിമാ പ്രേമികളുടെ മനസ്സിൽ കിം മരണമില്ലാതെ നിലനിൽക്കുമെന്നുറപ്പ്.
https://www.facebook.com/Dr.BijuOfficial/posts/3777722358941293