പ്രശസ്ത സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ നാലാമത്തെ ചിത്രമായ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് ഈ വരുന്ന വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തും. 24 നോർത്ത് കാതം, സപ്തമശ്രീ തസ്കരഹ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നിവക്ക് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ ചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം അനിൽ രാധാകൃഷ്ണൻ മേനോന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സിനുണ്ട്. അനിൽ രാധാകൃഷ്ണൻ മേനോനും കളക്ടർ ബ്രോ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന മുൻ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായരും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഏറെ ജനശ്രദ്ധ നേടി എടുത്തിരുന്നു.
വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ ഈ ചിത്രത്തിൽ പുലർത്തുന്നത്. ബൈക് റേസിന്റെ പശ്ചാത്തലത്തിൽ തൃശൂർ കേന്ദ്രമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത് എന്നാണ് ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന. സാജൻ ജോസഫ് എന്ന ഐ എ എസ് ഓഫീസർ ആയി കുഞ്ചാക്കോ ബോബൻ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ നൈല ഉഷ ആണ് നായികാ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ രണ്ടു പേരെയും കൂടാതെ വിനായകൻ, നെടുമുടി വേണു, സിദ്ദിഖ്, സുധീർ കരമന, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ളൈ, നിർമ്മൽ, ഷഹീൻ സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. മാർസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. അലക്സ് ജെ പുളിക്കൽ ദൃശ്യങ്ങളും മനോജ് കണ്ണോത് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.