ഗെയിം ഓഫ് ത്രോൺസിനെ വെല്ലാൻ വെബ് സീരിസായി മഹാഭാരതം എത്തുന്നു

Advertisement

ഇന്ത്യയുടെ എന്നല്ല, ലോക സാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്നാണ് മഹാഭാരതം. അനേകായിരം കഥകളും ഉപകഥകളും കഥാപാത്രങ്ങളും നിറഞ്ഞ ഈ ഇതിഹാസം ഇന്നും പുനർവ്യാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് കൂടിയാണ്. ഒട്ടേറെ വിസ്മയങ്ങൾ നിറഞ്ഞ ഈ ഇതിഹാസം വെള്ളിത്തിരയിലെത്തിക്കാൻ പലരും ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. തൊണ്ണൂറുകളിൽ സീരിയൽ രൂപത്തിൽ മഹാഭാരതം വന്നിട്ടുണ്ടെങ്കിലും, ഇന്നത്തെ സാങ്കേതിക വിദ്യയുടെ മായാജാലങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു ദൃശ്യ വിസ്മയമായി മഹാഭാരതം കാണാനാഗ്രഹിക്കുന്നവർ ഏറെയാണ്. ഇപ്പോഴിതാ മഹാഭാരതം ഒരു വെബ് സീരിസായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്‌ഫോം. യുഎസിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡി 23 എക്സ്പോയിലാണ് ഈ പ്രഖ്യാപനം നടന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചുകൊണ്ടാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഈ സീരിസ് ഒരുക്കാൻ പോകുന്നത്.

മധു മണ്ടേന, മിത്തോവേഴ്സ് സ്റ്റുഡിയോസ്, അല്ലു എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്നിവർ ചേർന്നാണ് മഹാഭാരതം വെബ് സീരിസ് നിർമ്മിക്കുന്നത്. ഇതിന്റെ സ്ട്രീമിങ് അടുത്ത വർഷം മുതൽ ആരംഭിക്കുമെന്നാണ് സൂചന. മുന്നൂറു കോടിയോളം രൂപ മുതൽ മുടക്കിയാണ് ഈ വെബ് സീരിസ് നിർമ്മിക്കുന്നതെന്നാണ് വാർത്തകൾ വരുന്നത്. മഹാഭാരത കഥ ആഗോള പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ കണ്ടന്റ് ഹെഡ‍് ​ഗൗരവ് ബാനര്‍ജി, ഡിസ്നിയുടെ ഫാന്‍ ഇവന്റിൽ പറഞ്ഞു. ദൂരദര്‍ശനുവേണ്ടി ബി ആര്‍ ചോപ്ര 1988ല്‍ ആണ് മഹാഭാരതം സീരിയൽ നിർമ്മിച്ചത്. അന്നത് പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിയിരുന്നു. ലോകം മുഴുവൻ തരംഗമായ ഗെയിം ഓഫ് ത്രോൺസ് പോലെ മഹാഭാരതം വെബ് സീരിസും ലോകം കീഴടക്കുമെന്നാണ് പ്രതീക്ഷ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close