ഒരു കോടി രൂപ ചോദിച്ച് നിർമ്മാതാക്കൾ, പറ്റില്ലെന്ന് അമ്മ; ഷെയിൻ നിഗം വിവാദം തുടരുന്നു

Advertisement

നടൻ ഷെയിൻ നിഗമും വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളും തമ്മിലുണ്ടായ വിവാദം തുടരുകയാണ്. ആ വിവാദവുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയും സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു. ഷെയിൻ കാരണം മുടങ്ങിയ സിനിമകൾക്ക് ഷെയിൻ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന വാശിയിൽ നിർമ്മാതാക്കൾ നിന്നതോടെ ആണ് ചർച്ച പരാജയപ്പെട്ടത്. നിർമ്മാതാക്കളുടെ ഈ വാശിയോടു യോജിക്കാനാവില്ലെന്ന നിലപാട് അമ്മ കൈക്കൊണ്ടതോടെ ചർച്ച പരാജയമായി മാറി. വെയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ജോബി ജോർജുമായാണ് ആദ്യം പ്രശ്നങ്ങൾ ഉണ്ടായത്. അതിനെ തുടർന്നാണ് ഷെയിൻ നിഗം അഭിനയിച്ചു കൊണ്ടിരുന്ന മറ്റു ചിത്രങ്ങളിലേക്കും ആ വിവാദം ചെന്നെത്തിയത്.

ഒരു താരത്തെയും വിലക്കുന്നതിനോട് യോജിക്കാനാവില്ല എന്നും ഷെയിൻ ഒരു കൊച്ചു പയ്യൻ ആണെന്നും അവന്റെ ഭാവി തകർക്കുന്ന ഒരു നടപടിയോടും യോജിക്കാനാവിലെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം മുൻകൈ എടുത്താണ് ഈ ചർച്ച തുടങ്ങിയതും. അതിന്റെ ഭാഗമായി ഉല്ലാസം എന്ന ചിത്രം ഷെയിൻ ഡബ്ബ് ചെയ്ത് തീർത്തിരുന്നു. ബാക്കി ചിത്രങ്ങളും ഇന്നത്തെ ചർച്ചക്ക് ശേഷം ഷെയിൻ തീർത്തു കൊടുക്കും എന്ന സ്ഥിതിയിൽ എത്തി നിൽക്കവേ ആണ് ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടത്. ടിനി ടോം, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തത്. പൂർണ്ണമായും ഷെയിൻ നിഗത്തിനു പിന്തുണയുമായി അമ്മയും മോഹൻലാലും നിലയുറപ്പിച്ചിരിക്കെ ഇനി എന്താണ് സംഭവിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് സിനിമാ പ്രേമികൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close