സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ മികച്ച വിജയം നേടി മുന്നേറുമ്പോൾ ഈ ചിത്രത്തിനും ഇതിലെ അഭിനേതാക്കൾക്കും അഭിനന്ദനവുമായി മുന്നോട്ട് വരികയാണ് പ്രേക്ഷകരും നിരൂപകരും ഒപ്പം മലയാള സിനിമാ പ്രവർത്തകരും. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി അഭിനയിച്ച സുരേഷ് ഗോപിക്കൊപ്പം തന്നെ, പോലീസ് വേഷത്തിലെത്തിയ നീത പിള്ളൈ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, ഷമ്മി തിലകൻ എന്നിവരും മികച്ച അഭിപ്രായമാണ് തങ്ങളുടെ പ്രകടനം കൊണ്ട് നേടിയെടുക്കുന്നത്. അതിൽ തന്നെ ഷമ്മി തിലകൻ അവതരിപ്പിച്ച ഇരുട്ടൻ ചാക്കോ എന്ന സീരിയൽ കില്ലർ കഥാപാത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആ കഥാപാത്രത്തിനോട് പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന വിധമാണ് അത് എഴുതിയിരിക്കുന്നതും ഷമ്മി തിലകൻ അവതരിപ്പിച്ചിരിക്കുന്നതും. ഇപ്പോഴിതാ ഷമ്മി തിലകന്റെ ഈ പ്രകടനത്തെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുന്നത് സംവിധായകൻ വിനോദ് ഗുരുവായൂരാണ്.
അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ… പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ, ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും. തിലകൻ ചേട്ടനോളം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം… മോശമാക്കില്ല…. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചാക്കോയും..”.