
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് പ്രശസ്ത സംവിധായകൻ വിനയൻ. സിജു വിൽസൺ നായകനായി എത്തുന്ന ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടു ആണ് വിനയൻ ഒരുക്കി ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. വലിയ താരനിരയണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കാരക്ടർ പോസ്റ്ററുകൾ വലിയ ശ്രദ്ധയാണ് നേടുന്നത്. ഇപ്പോഴിതാ അത്തരമൊരു പോസ്റ്ററിന്റെ അടിയിൽ വന്ന പ്രേക്ഷകരുടെ ഒരു വിമർശനത്തിന് മറുപടി നൽകിയ വിനയന്റെ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. പ്രശസ്ത നടിയായ വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയായ വർഷ വിശ്വനാഥിന്റെ കഥാപാത്രത്തിന്റേതായിരുന്നു വിനയൻ പങ്കു വെച്ച പുതിയ കാരക്ടർ പോസ്റ്റർ. അതിനു താഴെ ചിലർ വിമർശനവുമായി എത്തിയത് സിനിമയിലെ സ്വജന പക്ഷപാതത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ്. താരങ്ങളുടെ ബന്ധുക്കൾക്കും സിനിമാ കുടുംബത്തിലെ അംഗങ്ങൾക്കും മാത്രം ചാൻസ് കൊടുക്കുന്ന ആളാണ് വിനയൻ എന്നാണ് ആ പോസ്റ്ററിന് താഴെ വിമർശനം വന്നത്.
അതിലെ ഒരു പ്രേക്ഷകന്റെ കമന്റ് ഇങ്ങനെ, സിനിമയിൽ അഭിനയിക്കുന്ന ആളുകൾ മുഴുവനും പഴയ നടിയുടെ അനിയത്തി അല്ലെങ്കിൽ പഴയ നടന്റെ അനിയൻ. സിനിമ കുടുംബത്തിലെ അംഗങ്ങൾ ആയിരിക്കും. അങ്ങനെയാ കണ്ടുവരുന്നത്. അല്ലാതെ കഴിവ് ഉള്ള ഒരു പാട് പേര് ഒരു ചാൻസ് ചോദിച്ചാ കിട്ടില്ല. എന്താ ഇതിന്റെ പിന്നിലെ രഹസ്യം. അതോ പൈസയാണോ പ്രശ്നക്കാരൻ. സൗന്ദര്യമോ. സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തിരഞ്ഞെടുക്കുന്നത് എങ്കിൽ സത്യനേശൻ നാടാർ എന്ന സത്യൻ എന്ന അതുല്യ പ്രതിഭ ഉണ്ടാകില്ല. വിനയൻ എന്ന സംവിധായകനോട്, ബഹുമാനത്തോടെ ചോദിച്ചോട്ടെ, സിനിമയിൽ അഭിനയിക്കാൻ വേണ്ട മാനദണ്ഡം എന്താണ്. കഴിവ്. പൈസ. സൗന്ദര്യം. വിദ്യാഭ്യാസം. ഇതിനു വിനയൻ നൽകിയ മറുപടി ഇപ്രകാരം, നിങ്ങൾ പറയുന്നതാണ് മാനദണ്ഡം എങ്കിൽ കലാഭവൻ മണിയേയും, ജയസൂര്യയെയും, മണിക്കുട്ടനേയും, സെന്തിലിനേയും ഒന്നും ഞാൻ നായകൻമാരാക്കില്ലായിരുന്നല്ലോ ?. ഏതായാലും വിനയന്റെ ഈ മറുപടിക്കു വലിയ കയ്യടിയാണ് ലഭിക്കുന്നത്. സാധാരണക്കാരനെ സിനിമയിലേയ്ക്ക് കൈപിടിച്ചുയർത്തിയ സംവിധായകനാണ് വിനയൻ എന്ന് ഒട്ടേറെ പേർ അഭിപ്രായപ്പെടുകയും ചെയ്യുന്നു.
