2001 ഇൽ ഓണം റിലീസായി ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു രാക്ഷസരാജാവ്. മമ്മൂട്ടിക്കൊപ്പം ദിലീപ്, കാവ്യ മാധവൻ, മീന, കലാഭവൻ മണി എന്നിവരുമഭിനയിച്ച ആ ചിത്രം രചിച്ചു സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ വിനയനാണ്. ദാദ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വിനയൻ ഒരുക്കിയ ഈ ചിത്രത്തെക്കുറിച്ചു ഇപ്പോൾ അദ്ദേഹമിട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. രാക്ഷസരാജാവിന് ഒരു രണ്ടാം ഭാഗം ഉണ്ടാവാൻ സാധ്യത ഉണ്ടെന്നു കുറച്ചു നാൾ മുൻപ് വിനയൻ സൂചിപ്പിച്ചിരുന്നു. കൂടാതെ മോഹൻലാൽ, ജയസൂര്യ എന്നിവരെ വെച്ചും ചിത്രമൊരുക്കാനുള്ള പ്ലാനിലാണ് വിനയൻ. രാക്ഷസരാജാവിനെ കുറിച്ച് വിനയൻ കുറിച്ച വാക്കുകൾ ഇങ്ങനെ, “രാക്ഷസരാജാവ് ” ഷൂട്ടിംഗ് ആരംഭിച്ചത് “ദാദാസാഹിബ് ” എന്ന എൻെറ മറ്റൊരു മമ്മുട്ടിച്ചിത്രത്തിൻെ റിലീസു കഴിഞ്ഞ് നാലു മാസം കഴിഞ്ഞ ഉടനേയാണ്. ദാദാസാഹിബിനു ശേഷം കരുമാടി കുട്ടൻെറ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അർജൻറായി ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്.
ഇത്ര പെട്ടന്ന് അടുത്ത ചിത്രവും തുടങ്ങാൻ പ്രോൽസാഹിപ്പിച്ചത് സാക്ഷാൽ മമ്മുക്ക തന്നെയാണ്. സത്യത്തിൽ അടുത്ത ചിത്രം പ്ലാൻ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശി ആയിരുന്നു. ഞാനത് മുന്നോട്ടു നീട്ടിവച്ചു. കരുമാടിക്കുട്ടൻെറ തിരക്കിനിടയിൽ പുതിയൊരു സബ്ജക്ട് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. അന്നു കേരളത്തെ പ്രകമ്പനം കൊള്ളിച്ച അതിദാരുണമായ ആലുവാ കൊലക്കേസും അതിൻെറ അന്വേഷണവും ഒക്കെ വാർത്തയായി നാട്ടിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു. പെട്ടെന്നൊരു സിനിമ ചെയ്യാൻ ആ കൊലക്കേസ് വിഷയത്തിൽ നിന്നു തന്നെ ത്രെഡ് കണ്ടെത്തുകയായിരുന്നു. കരുമാടിക്കുട്ടൻെറ റീ – റിക്കോഡിങ്ങിനിടയിൽ ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു. അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു. ഷുട്ടിംഗിനു മുൻപ് തിരക്കഥ മുഴുവൻ തീർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം. എൻകിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷുട്ടിംഗ് തീർത്തു. അടുത്തടുത്തു ചെയ്ത രണ്ടു മമ്മുട്ടി ചിത്രങ്ങളും വ്യത്യസ്തമായിരുന്നു, വിജയവുമായിരുന്നു.