മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് തുളസി ദാസ്. ഒട്ടേറെ രസകരമായ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള തുളസി ദാസ് കൂടുതലും ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളാണ് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ചും ചിത്രങ്ങൾ ഒരുക്കാൻ അവസരം ലഭിച്ചിട്ടുള്ള ആള് കൂടിയാണ് അദ്ദേഹം. മോഹൻലാലിനെ നായകനാക്കി അദ്ദേഹമൊരുക്കിയ ഹിറ്റ് ചിത്രമാണ് മിസ്റ്റർ ബ്രഹ്മചാരി. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരുക്കിയത് ആയിരം നാവുള്ള അനന്തൻ എന്ന ചിത്രമാണ്. ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ചു വളരെ കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തുകയാണ് തുളസി ദാസ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആണ് അദ്ദേഹം മനസ്സു തുറന്നത്.
ഒരു ചേട്ടന്റെയും അനിയന്റെയും കഥയാണ് ആയിരം നാവുള്ള അനന്തനിലൂടെ പറയാൻ ഉദ്ദേശിച്ചിരുന്നത്. ചേട്ടൻ ആയി മമ്മൂട്ടിയും അനിയൻ ആയി മോഹൻലാലും എത്തുന്ന രീതിയിൽ ഒരു മൾട്ടി സ്റ്റാർ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് അത് പ്ലാൻ ചെയ്തത്. എന്നാൽ മോഹൻലാൽ ആ സമയം വലിയ തിരക്കിൽ ആയിരുന്നതിനാൽ അനിയൻ കഥാപാത്രം ജയറാമിനെ കൊണ്ട് ചെയ്യിക്കാം എന്ന് പ്ലാൻ ചെയ്ത തുളസി ദാസ്, മമ്മൂട്ടിയെ കണ്ട് കഥ പറഞ്ഞു. എന്നാൽ അനിയൻ കഥാപാത്രത്തെ കൂടുതൽ ഇഷ്ടപ്പെട്ട മമ്മൂട്ടി ചോദിച്ചത് ചേട്ടൻ കഥാപാത്രം ആര് ചെയ്യുമെന്നാണ്. ചേട്ടൻ കഥാപാത്രം ആയി മമ്മൂട്ടി ഉണ്ടാവില്ലെന്നുറപ്പായതോടെ ആ കഥാപാത്രം മുരളിയെ കൊണ്ട് ചെയ്യിക്കാം എന്നു തീരുമാനിക്കുകയും, കഥ കേട്ട മുരളി അത് സമ്മതിക്കുകയും ചെയ്തു. ലോഹിതദാസ് തിരക്കഥ എഴുതിയാൽ നന്നായിരിക്കും എന്ന് തുളസി ദാസ് ചിന്തിച്ചെങ്കിലും പിന്നീട് മമ്മൂട്ടിയുടെ നിർദേശ പ്രകാരം ആ ചുമതല എസ് എൻ സ്വാമിയിലേക്ക് എത്തുകയാണ് ഉണ്ടായത്. അങ്ങനെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്ത തുളസി ദാസിന്റെ, ഒരു മോഹൻലാൽ ചിത്രമെന്ന സ്വപ്നം പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് പൂവണിഞ്ഞത്.
ഫോട്ടോ കടപ്പാട്: Vishnu Nelladu