മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവു ചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്

Advertisement

പ്രശസ്ത സംവിധായകൻ സിദ്ദിഖ് മനോരമയിലെ നേരെ ചൊവ്വേ എന്ന പ്രോഗ്രാമിൽ നടത്തിയ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. സിദ്ദിഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മോഹൻലാൽ നായകനായ ബിഗ് ബ്രദർ. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറുന്ന ഈ ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിന്ന് വലിയ രീതിയിലുള്ള ആക്രമണം നേരിട്ടിരുന്നു. ഈ സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണെന്നാണ് സിദ്ദിഖ് പറയുന്നത്. സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണെന്നും അതിനു പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നും സിദ്ദിഖ് തുറന്നു പറയുന്നു. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചു നില്‍ക്കാത്തത് സ്വാഭാവികമാണെന്നും അദ്ദേഹം ഈ പ്രോഗ്രാമിൽ വിശദീകരിക്കുന്നു.

തന്റെ സിനിമയോടുള്ള ശത്രുതയോടൊപ്പം താൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത കൂടിയാണിത് എന്നാണ് സിദ്ദിഖ് പറയുന്നത്. തങ്ങളെയൊക്കെ ഇവിടെ നിന്ന് ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട് ചിലർക്കെന്നും അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതും പഴയ തലമുറയിലെ സംവിധായകരാണ് എന്ന സത്യവും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. പുതിയ തലമുറയിലെ ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് എന്നും അത് എത്രത്തോളം സത്യമെന്ന് അറിയില്ല എന്നും സിദ്ദിഖ് നേരെ ചൊവ്വെയിൽ പറഞ്ഞു. മിമിക്രി സിനിമയിൽ നിന്നും തങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് ആ നടൻ പറഞ്ഞതെന്നാണ് തന്റെയറിവെന്നും സിദ്ദിഖ് വെളിപ്പെടുത്തുന്നു. അങ്ങനെയൊരു സമീപനമുള്ള സ്ഥലത്താണ് താനൊക്കെ നിലനിൽക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close