മെയ് 24 നു ആണ് ഷിബു ബാലൻ സംവിധാനം ചെയ്ത ഒരു ഒന്നൊന്നര പ്രണയ കഥ എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത്. യുവതാരങ്ങളായ ഷെബിൻ ബെൻസണും സായ ഡേവിഡും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തെ നശിപ്പിക്കാൻ ആരോ ശ്രമിക്കുന്നു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഷിബു ബാലൻ. ഒരു കൊച്ചു സിനിമക്കു എതിരെ എന്തിനു ഈ ചതി എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തന്റെ ഫേസ്ബുക് പേജിലൂടെ ലൈവിൽ വന്നു അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സിനിമ റിലീസാകാതിരിക്കാൻ ഒരു കൂട്ടർ ശ്രമിച്ചെന്നും ചിത്രം കാണാൻ തിയറ്ററിലെത്തിയവരോടു പ്രദർശനമില്ലെന്നു പറഞ്ഞു മടക്കി വിടുന്നതായും അദ്ദേഹം ആരോപിക്കുന്നു. ‘പോസ്റ്ററുകൾ നശിപ്പിക്കുക, ഡിസ്പ്ലേ ബോർഡുകൾ മറയ്ക്കുക, തീയേറ്ററിലേക്കു വരുന്ന പ്രേക്ഷകരോടു ആളില്ലാത്തതുകൊണ്ട് ഷോ ഇല്ലെന്നു പറയുക, ബുക്ക് ചെയ്ത ടിക്കറ്റുകൾ ഷോ ഇല്ലാത്തതുകൊണ്ട് പണം തിരികെ കൊടുക്കുക തുടങ്ങിയ ചതികൾ ഒരു കൊച്ചു സിനിമയോട് എന്തിനാണ് എന്ന് അദ്ദേഹം ചോദിക്കുന്നു.
പടത്തിന്റെ വിജയത്തിന് എതിരു നിൽക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും പക്ഷെ അത് ആരാണെന്നു അറിയില്ല എന്നും അദ്ദേഹം പറയുന്നു. ഈ ചിത്രത്തിന്റെ നിർമ്മാതാവിന്റെ ആദ്യ ചിത്രം ആണിതെന്നും ഒരുപാട് പ്രതീക്ഷകളോടെ വന്ന അദ്ദേഹത്തിന് ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങി പോവാൻ ആവില്ലെന്നും ഷിബു ബാലൻ പറയുന്നു. ഇങ്ങനെ ഒരു പ്രവണത മലയാള സിനിമയിൽ വളർന്നു വന്നാൽ ഇനി പുതുതായി വരുന്ന നിർമ്മാതാക്കൾക്കും ടെക്നീഷ്യൻസിനും എല്ലാം അതൊരു വലിയ അപകടം ആയി മാറുമെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീനിവാസൻ നായക വേഷത്തിൽ എത്തിയ നഗര വാരിധി നടുവിൽ ഞാൻ എന്ന ചിത്രമൊരുക്കിയാണ് ഷിബു ബാലൻ മലയാള സിനിമയിൽ എത്തിയത്.