കേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ മാമാങ്കത്തെ ആധാരമാക്കി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സിനിമയാണ് ‘ചെങ്ങഴി നമ്പ്യാർ’. പരസ്യ രംഗത്ത് ക്രിയേറ്റിവ് ഡയറക്ടറും വി എഫ് എക്സ് സൂപ്പര്‍വൈസറുമായ സിധില്‍ സുബ്രഹ്മണ്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നതായി അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. എന്നാൽ ‘ചെങ്ങഴി നമ്പ്യാർ’ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.
‘ചെങ്ങഴി നമ്പ്യാർ’ എന്ന സിനിമയെക്കുറിച്ച് ആലോചനകൾ നടക്കുമ്പോൾ തന്നെ മാമാങ്കത്തെ ആസ്‌പദമാക്കി രണ്ടിൽ കൂടുതൽ ചിത്രങ്ങൾ ഒരുങ്ങുന്നതായി അറിഞ്ഞിരുന്നു. എന്നാൽ അവയെല്ലാം അവസാനം നടന്ന മാമാങ്കത്തെ ആസ്‌പദമാക്കിയായിരുന്നു. അതുകൊണ്ടാണ് 1505 ൽ നടക്കുന്ന മാമാങ്ക കഥയായ ചെങ്ങഴി നമ്പ്യാർ എന്ന സിനിമ പെട്ടെന്നുതന്നെ അനൗൺസ് ചെയ്തതെന്ന് സംവിധായകൻ പറയുന്നു.
സിനിമയുടെ vfx ഏറ്റവും നല്ല കമ്പനിയെ ഏൽപ്പിക്കണമെങ്കിൽ കൂടുതൽ ബഡ്‌ജറ്റ് ആവശ്യമായിരുന്നു. വേൾഡ് മാർക്കറ്റിനു സഹായമാകുന്ന ഹോളിവുഡ് ആർട്ടിസ്റ്റുകളുടെ മീറ്റിങ്ങുകൾ വന്ന് അവസരങ്ങൾ വർധിച്ചപ്പോഴാണ് സ്ക്രിപ്റ്റ് ഇനിയും സ്ട്രോങ്ങ് ആക്കണം എന്ന് മനസിലായത്. തുടർന്ന് കാലതാമസം ഉണ്ടാകുകയായിരുന്നു. അതേസമയം ‘ചെങ്ങഴി നമ്പ്യാർ’ എന്ന സിനിമയിൽ അമാനുഷികമായൊന്നും ഉണ്ടാകില്ലെന്നും സിധില്‍ സുബ്രഹ്മണ്യന്‍ പറയുന്നു.
സാമൂതിരിയുടെ മുപ്പതിനായിരത്തോളം വരുന്ന പടയാളികളോട് പൊരുതാനിറങ്ങിയ 101 ചാവേര്‍ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. ചെങ്ങഴി നമ്പ്യാര്‍ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പുതുമന പണിക്കര്‍ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്. എന്നാൽ ‘ചെങ്ങഴി നമ്പ്യാർ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് തീരുമാനിച്ചിട്ടില്ല. മലയാളവും തമിഴും കലര്‍ന്ന ഭാഷയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. നൂറുകോടിയോളം മുതല്‍ മുടക്ക് വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2018ല്‍ ആരംഭിക്കുമെന്നാണ് സൂചന.