‘ഇടക്കെങ്കിലും ഇത്തരം സിനിമകൾ സംഭവിക്കണം, എങ്കിലേ വ്യത്യസ്തത എന്തെന്ന് നാം തിരിച്ചറിയൂ’.. കാർബണിനു പ്രശംസയുമായി സത്യൻ അന്തിക്കാടും

Advertisement

കഴിഞ്ഞ ദിവസം കേരളത്തിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം കാർബൺ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് . പ്രശസ്ത ഛായാഗ്രാഹകനായ വേണുവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ഈ ചിത്രം നിരൂപക പ്രശംസയും നേടിയെടുക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ വിസ്മയിപ്പിക്കുന്ന പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ഇപ്പോൾ കാർബൺ എന്ന ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, സംവിധായകൻ സത്യൻ അന്തിക്കാട് ആണ്. വേണു ക്യാമെറാമാനായി കൂടെ വർക്ക് ചെയ്തപ്പോൾ കാടിനെ കുറിച്ച് കൊതിപ്പിക്കുന്ന കുറെ കഥകൾ താൻ കേട്ടിട്ടുണ്ടെന്നു സത്യൻ അന്തിക്കാട് ഓർത്തെടുക്കുന്നു. ആ വേണുവിന്റെ ഒരു വനയാത്ര ആണ് കാർബണിലൂടെ താൻ കഴിഞ്ഞ ദിവസം കണ്ടത് എന്ന് പറയുന്നു സത്യൻ അന്തിക്കാട്.

മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ആദ്യമാണ് എന്ന് പറഞ്ഞ സത്യൻ അന്തിക്കാട് , ഈ ചിത്രം നമ്മൾ പോലും അറിയാതെ നമ്മളെ കാടിന്റെ ഉള്ളറകളിൽ സിബി എന്ന ഫഹദ് കഥാപാത്രത്തോടൊപ്പം പിടിച്ചിടുന്നു എന്നും അഭിപ്രായപ്പെടുന്നു. മഴയും മഞ്ഞും, തണുപ്പും, ഏകാന്തതയുമൊക്കെ നമ്മളും അനുഭവിക്കുന്നു ഈ ചിത്രത്തിലൂടെ എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഇടക്കെങ്കിലും ഇത്തരം സിനിമകൾ സംഭവിക്കണം എന്നും എങ്കിലേ വ്യത്യസ്തത എന്തെന്ന് നാം തിരിച്ചറിയൂ എന്നും അദ്ദേഹം പറയുന്നു.

Advertisement

ഫഹദ് ഫാസിലിനെയും സത്യൻ അന്തിക്കാട് പ്രശംസിച്ചു. ഫഹദിന്റെ സാന്നിധ്യമാണ് കാർബണിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറഞ്ഞ സത്യൻ അന്തിക്കാട്, നോട്ടം കൊണ്ടും ചലനങ്ങൾ കൊണ്ടും, മിന്നി മറയുന്ന ഭാവങ്ങൾ കൊണ്ടും ഈ നടൻ പ്രേക്ഷകനെ കയ്യിലെടുത്തു എന്ന് അഭിപ്രായപ്പെടുന്നു. മമതയും കൊച്ചു പ്രേമനും മണികണ്ഠനുമൊക്കെ കാടിനുള്ളിൽ നമ്മുടെ കൂട്ടുകാരായി എന്ന് പറഞ്ഞ അദ്ദേഹം ചിത്രത്തിൽ പ്രവർത്തിച്ച കെ യു മോഹനൻ, വിശാൽ ഭരദ്വാജ് എന്നിവർക്കും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close