ഈ അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റു വാങ്ങുമ്പോൾ പ്രശസ്ത നടി ജ്യോതിക നടത്തിയ ഒരു പ്രസംഗം ഏറെ വിവാദമായി മാറിയിരുന്നു. തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ ആശുപത്രികൾ സന്ദർശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നുമാണ് ആ പ്രസംഗത്തിൽ ജ്യോതിക പറഞ്ഞത്. ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ പോലെ സംരക്ഷിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ് എന്നും ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നതിന് മാത്രമല്ല നല്ല സ്കൂളുകൾ കെട്ടിപ്പടുക്കാനും ആശുപത്രികൾ നന്നാക്കാനും പങ്കുചേരണമെന്നും ഈ നടി തന്റെ പ്രസംഗത്തിൽ അന്ന് പറഞ്ഞു. ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെക്കുറിച്ച് പറയുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഒരു വിഭാഗമാളുകൾ രംഗത്ത് വന്നതോടെയാണ് ജ്യോതികയുടെ വാക്കുകൾ വലിയ വിവാദത്തിനു തിരി കൊളുത്തിയത്. ഇപ്പോഴിതാ ജ്യോതികയുടെ ആ പ്രസ്‍താവനയെ കുറിച്ച് വിശദീകരവുമായി രംഗത്ത് വന്നിരിക്കുന്നത് സംവിധായകൻ ശരവണൻ ആണ്.
ജ്യോതികയെയും ശശികുമാറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഈ സംവിധായകനൊരുക്കിയ സിനിമയുടെ ഏതാനും ഭാഗങ്ങളാണ് തഞ്ചാവൂരിൽ ചിത്രീകരിച്ചത്. അതിനെ കുറിച്ച് ശരവണൻ പറയുന്നത് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി തങ്ങൾ തഞ്ചാവൂരിൽ എത്തിയത് തഞ്ചാവൂരിലെ ജീവിതത്തിന്റെ നേർകാഴ്ച പ്രേക്ഷകരിൽ എത്തിക്കാനാണ് എന്നാണ്. അവിടെ ആശുപത്രിയിൽ പ്രസവത്തിനായി സ്ത്രീകൾക്ക് പ്രത്യേക വാർഡില്ലായിരുന്നു എന്നതും തുറന്നു പറഞ്ഞ അദ്ദേഹം കുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലാണെന്നും കണ്ടുവെന്നും തുറന്നു പറയുന്നു. ആ കാഴ്ച ജ്യോതികയുടെ മനസ്സിനെ വല്ലാതെ ഉലച്ചു എന്നും ശരവണൻ കൂട്ടിച്ചേർത്തു. ജ്യോതികയുടെ പ്രസംഗം ആരെയും വിമർശിക്കാനായിരുന്നില്ല എന്നും മറിച്ച് നമ്മുടെ നാട്ടിലെ ആശുപത്രിയും മറ്റു സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു എന്നും ശരവണൻ വിശദീകരിക്കുന്നു.